എരുമേലി: മുപ്പത്തിമൂന്ന് വർഷമായി സന്തത സഹചാരി ആയിരുന്ന പ്രിയപ്പെട്ട സൈക്കിൾ മോഷണം പോയതിന്റെ വിഷമത്തിലാണ് ചന്ദ്രൻപിള്ള.
എരുമേലിക്കടുത്ത് വിഴിക്കത്തോട് ശ്രീ വിലാസം ഹോട്ടൽ നടത്തുന്ന വയോധികനായ ചന്ദ്രൻപിള്ളയുടെ പ്രിയപ്പെട്ടതായിരുന്നു തന്റെ പകുതി പ്രായമുള്ള പഴയ സൈക്കിൾ. 66കാരനായ ചന്ദ്രൻപിള്ള കഴിഞ്ഞ 33 വർഷമായി ആ സൈക്കിളിലാണ് എന്നും യാത്ര ചെയ്തിരുന്നത്.
ഹോട്ടലിലേക്ക് വെള്ളം, വിറക്, പലവ്യഞ്ജന സാധനങ്ങൾ തുടങ്ങിയവയെല്ലാം സൈക്കിളിലാണ് ചന്ദ്രൻപിള്ള കൊണ്ടുവരിക.വലിയ വിറക് തടി സൈക്കിളിൽ കെട്ടി വെച്ചിട്ട് മറ്റൊരു വിറക് കഷണം കൈയിൽ പിടിച്ച് സൈക്കിൾ ചവിട്ടി വരുന്ന ചന്ദ്രൻപിള്ള സായാഹ്നങ്ങളിലെ പതിവ് കാഴ്ചയാണ്.
ചൊവ്വാഴ്ച സൈക്കിളുമായി വിറക് ശേഖരിക്കാൻ പോയപ്പോഴാണ് മോഷണം നടന്നതെന്ന് ചന്ദ്രൻപിള്ള പറഞ്ഞു. സൈക്കിൾ റോഡരികിൽ വെച്ച ശേഷം പറമ്പിൽ നിന്ന് വിറകുകൾ എടുത്തു കൊണ്ടുവന്നപ്പോൾ സൈക്കിൾ കാണാനില്ല.
പലയിടത്തും തെരഞ്ഞു നിരാശയിലും സങ്കടത്തിലുമായ ചന്ദ്രൻപിള്ളയെ ആശ്വസിപ്പിച്ച് നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആക്രി പെറുക്കുകാർ സൈക്കിൾ കവർന്നതാകാമെന്ന് സംശയമുണ്ട്.
ഒട്ടേറെ പതിവുകാർ ഭക്ഷണം കഴിക്കാനെത്തുന്ന ഇടം കൂടിയാണ് ശ്രീ വിലാസം ഹോട്ടൽ. ഷർട്ട് ധരിക്കാറില്ല ചന്ദ്രൻപിള്ള. പകരം ഒരു തോർത്ത് തോളിലിടും.
ഈ വേഷത്തിലായിരുന്നു ചന്ദ്രൻപിള്ളയുടെ സൈക്കിൾ യാത്രയും. സൈക്കിൾ മോഷണം പോയ സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.