സ്വന്തം ലേഖകൻ
അയ്യന്തോൾ: പോലീസിനെ വട്ടംകറക്കിയൊരു പതിനഞ്ചുപവന്റെ മോഷണക്കഥ. മോഷണം പോയ സ്വർണം ഒടുവിൽ വീട്ടിനകത്തെ അലമാരിയിൽ വസ്ത്രങ്ങൾക്കിടയിൽനിന്നും കിട്ടിയെന്നു വീട്ടുകാർ.
പുല്ലഴിയിലാണു വീടിന്റെ പൂട്ടു പൊളിച്ച് അകത്തുകടന്ന് പതിനഞ്ചു പവൻ കവർന്നതായി വീട്ടുകാർ വെസ്റ്റ് പോലീസിൽ ബുധനാഴ്ച വൈകീട്ട് പരാതി നൽകിയത്.
പുല്ലഴി കോൾപടവിനു സമീപം പാലക്കൽ വീട്ടിൽ പരേതനായ കൊച്ചുമോന്റെ ഭാര്യ ശ്രീമതിയുടെ വീട്ടിലെ സ്വർണമാണ് കാണാതെ പോയത്. ശ്രീമതി പാടത്തേക്കു പോയ സമയത്തായിരുന്നുവത്രെ കവർച്ച.
പരാതി കിട്ടിയതിനെതുടർന്ന് സ്ഥലത്തെത്തിയ പോലീസ് വീട്ടിനകത്തേക്കു മറ്റാരും കയറി തെളിവുകൾ നശിപ്പിക്കാതിരിക്കാൻ ഒരു രാത്രിയും ഒരു പകലും വീടിനു കാവലേർപ്പെടുത്തി.
പോലീസിന്റെ പ്രാഥമിക പരിശോധനയിൽ ബാത്ത് റൂമിന്റെ ലോക്കും കുറ്റികളും പറന്പിൽനിന്നൊരു ലുങ്കിയും കണ്ടെത്തിയിരുന്നു. രാത്രിയായതിനാൽ വിശദമായ പരിശോധന ഇന്നലത്തേക്കു മാറ്റുകയായിരുന്നു.
ഇന്നലെ എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ പോലീസ് വീണ്ടും പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പോലീസുമെല്ലാം പരിശോധന നടത്തി തിരികെ പോയതിനുശേഷം വീട്ടിനകത്തു കയറിയ വീട്ടമ്മയ്ക്ക് അലമാരയിലെ വസ്ത്രങ്ങൾക്കിടയിൽ നിന്നു സ്വർണം തിരിച്ചുകിട്ടിയത്രെ.
തുടർന്ന് ഇവർ പരാതി നൽകിയ വെസ്റ്റ് സ്റ്റേഷനിൽ വിളിച്ചു സ്വർണം കിട്ടിയെന്ന് അറിയിച്ചു.കവർന്ന സ്വർണം ആരെങ്കിലും പോലീസിനെ ഭയന്നു തിരികെ വീട്ടിൽ കൊണ്ടുവച്ചതാണോ എന്ന സംശയം പോലീസിനുണ്ട്.
അതിനാൽ മോഷണം പോയെന്നു കരുതിയ സ്വർണം തിരിച്ചുകിട്ടിയെങ്കിലും ചിലരെ ചോദ്യം ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്.