പരിയാരം: പരിയാരം ചിതപ്പിലെപൊയിലില്‍ വന്‍ കവര്‍ച്ച. 25 പവന് സ്വര്‍ണാഭരണങ്ങളും 18,000 രൂപയും നിരവധി രേഖകളും മോഷണം പോയി.
പളുങ്കുബസാറിലെ നാജിയാ മന്‍സിലില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുള്ളയും കുടുംബവും ഇന്നലെ രാത്രി എട്ടോടെ വീട് പൂട്ടി തൊട്ടടുത്ത പള്ളിയില്‍ നബിദിനാഘോഷ പരിപാടികള്‍ക്ക് പോയിരുന്നു. വീടിന്റെ പിറകുവശത്തെ ജനലിന്റെ ഗ്രില്‍സ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്.
വീട്ടിനകം മുഴുവന്‍ വാരിവലിച്ചിട്ട നിലയിലാണ്. സിസിടിവി കാമറ പരിശോധിച്ചതില്‍ രാത്രി 9.50ന് ഗ്രില്‍സ് മുറിക്കുന്നതിന്റെ സ്പാര്‍ക്ക് കാണുന്നുണ്ട്.
രാത്രി 12.30ന് വീട്ടുകാര്‍ പള്ളിയില്‍ നിന്ന് എത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍ പെട്ടത്. രാത്രി തന്നെ പോലീസില്‍ വിവരമറിയിച്ചത് പ്രകാരം പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രവാസിയായ അബ്ദുള്ള അവധിക്ക് വന്ന സമയത്തുതന്നെയാണ് കവര്‍ച്ച നടന്നത്. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയില്‍ അടുത്തകാലത്തായി നടന്ന നിരവധി മോഷണക്കേസുകളില്‍ പ്രതികളെ പിടിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.