അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ നോക്കുകുത്തിയാക്കി വാര്‍ഡില്‍നിന്നും രോഗിയുടെ പണം കവര്‍ന്നു. ചങ്ങനാശേരി പായിപ്പാട് കൊച്ചുപറമ്പില്‍ വീട്ടില്‍ ഷാജഹാന് ഭാര്യ റുഖിയാ ബീവിയുടെ ചികിത്സയ്ക്കായി കരുതിയിരുന്ന 30,000 ത്തോളം രൂപയാണ് മോഷണം പോയതായി പരാതി ലഭിച്ചിരിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ ആറോടെയാണ് മോഷണവിവരം ബന്ധുക്കള്‍ അറിയുന്നത്. ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട റുഖിയാ ബീവി ഡയാലിസിസ് ചികിത്സാ സംബന്ധമായി മാര്‍ച്ച് ഏഴിനാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 12-ാം വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നത്.
തുടര്‍ചികിത്സക്കായി മറ്റ് മാര്‍ഗമില്ലാതെ വിഷമിച്ച ഷാജഹാന് നാട്ടുകാരുടെ സഹായത്തോടെയും സ്വര്‍ണം പണയംവച്ചും സമാഹരിച്ച തുകയാണ് മോഷണം പോയതായി പറയുന്നത്. രാത്രിയില്‍ പുരുഷന്മാര്ക്ക് പ്രവേശനമില്ലാത്തതിനാല്‍ ഷാജഹാന് പുറത്താണ് കിടന്നത്.
മകള്‍ ഉമയ്ബാന്‍ കട്ടിലിന് താഴെയുമാണ് കിടന്നത്. രാവിലെ ആറോടെ പല്ലുതേക്കാനുള്ള ബ്രഷ് എടുക്കുന്നതിനായി നോക്കിയപ്പോഴാണ് ബാഗ് കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് മറ്റുള്ള രോഗികളെ വിവരമറിയിച്ചപ്പോള്‍ പുലര്‍ച്ചെ മൂന്നോടെ ഒരാള്‍ ബാഗുമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി പറഞ്ഞു. വിവരം ആശുപത്രിയിലെ എയ്ഡ് പോസ്റ്റില്‍ അറിയിച്ചു.
പോലീസിന്റെ തെരച്ചിലില്‍ പണം മോഷ്ടിച്ചശേഷം ബാക്കിയുണ്ടായിരുന്ന സാധനങ്ങള്‍ അടങ്ങിയ ബാഗ് മുകളിലത്തെ നിലയില്‍ സണ്‍ഷെയ്ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഷാജഹാന് ആശുപത്രി സൂപ്രണ്ടിനു പരാതിനല്‍കി. പണം നഷ്ടപ്പെട്ടതോടെ ഭാര്യയുടെ തുടര്‍ചികിത്സയ്ക്ക് എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ഷാജഹാന്.