ബസിലും ട്രെയിനിലും മെട്രോയിലുമൊക്കെ യാത്ര ചെയ്യുമ്പോൾ മോഷ്ടാക്കളെ സൂക്ഷിക്കണം എന്ന അറിയിപ്പ് സ്ഥിരമായി നമ്മൾ കേൾക്കാറുള്ളതാണ്. റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഉദ്യോഗസ്ഥർ ജാഗ്രത പുലർത്താറുണ്ട്.
എന്നാലും സ്റ്റേഷനുകളിലും ട്രെയിനുകൾക്കകത്തും നടക്കുന്ന കുറ്റകൃത്യങ്ങളിൽ കാര്യമായ കുറവുകളൊന്നും വന്നിട്ടില്ല. പലപ്പോഴും റെയിൽവേ ഉദ്യോഗസ്ഥർക്ക് പോലും ഒരു തുമ്പും ലഭിക്കാത്ത വിധം വളരെ സമർഥമായാണ് കുറ്റവാളികൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നത്.
സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിടുമ്പോൾ ഫോൺ ചാർജ് ചെയ്യാനിട്ടിരിക്കുകയാണെങ്കിൽ അതിന് അടുത്ത് തന്നെ ഇരിക്കണമെന്ന് പറയാറുള്ളതാണ്. സ്ത്രീകൾ ആഭരണങ്ങൾ ധരിച്ചാൽ ജനലിനോട് ചേർന്ന് ഇരിക്കരുതെന്നും പറയാറുണ്ട്. കള്ളന്മാർ ഇവ തട്ടിയെടുത്ത് ഓടിപ്പോകുന്നതാണ് ഇതിന് പിന്നിലെ കാരണം.
എന്നാൽ ഇപ്പോൾ ട്രെയിനിനുള്ളിൽ നിന്ന് യുവാവ് ഫോൺ മോഷ്ടിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഫോൺ മോഷ്ടിച്ച് ഇയാൾ ഓടുന്നത് കാമറയിൽ പതിഞ്ഞിട്ടുണ്ട്. @_fear_of_life_ എന്നയാളാണ് ഇൻസ്റ്റാഗ്രാമിൽ സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുവാവ് ഓടുന്ന ട്രെയിനിൽ നിന്ന് ഒരു യാത്രക്കാരൻ്റെ മൊബൈൽ തട്ടിപ്പറിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
സ്റ്റേഷനിൽ നിന്ന് ട്രെയിൻ സ്റ്റാർട്ട് ചെയ്ത് കുറഞ്ഞ വേഗതയിൽ നീങ്ങി തുടങ്ങി. ഈ സമയം തീവണ്ടിയുടെ തൊട്ടടുത്തുള്ള പ്ലാറ്റ്ഫോമിലൂടെ ഒരാൾ നടക്കാനും തുടങ്ങി. ട്രെയിനിന്റെ വേഗത കൂടിയപ്പോൾ ഉടൻ തന്നെ കൈ അകത്തേക്ക് കടത്തി ഫോൺ തട്ടിപ്പറിച്ച് അയാൾ ഓടി. ഈ സംഭവം എവിടെയാണ് നടന്നതെന്നതിൽ വ്യക്തത വന്നിട്ടില്ല.
ഈ വീഡിയോ ഇൻ്റർനെറ്റിൽ വൈറലാകുകയും 4 ലക്ഷത്തിലധികം വ്യൂസ് നേടുകയും ചെയ്തു. വീഡിയോ കണ്ടതിന് പിന്നാലെ ആളുകളും തങ്ങളുടെ പ്രതികരണം അറിയിച്ചു. വീഡിയോ റിക്കാർഡ് ചെയ്യുന്നയാളെ ചോദ്യം ചെയ്യുകയും എന്ത് കൊണ്ട് സഹായിച്ചില്ല, കള്ളനെ പിടിക്കാത്തത് എന്തുകൊണ്ടെന്നും കമന്റിൽ ചോദിക്കുന്നുണ്ട്.