മോഷണം കുറ്റകൃത്യമാണെങ്കിലും അതൊരു കലയാണെന്നു പറയുന്നവരുണ്ട്. ഒരു വിദഗ്ധനായ കള്ളനാകുകയെന്നത് ചില്ലറക്കാര്യമല്ലെന്നു സാരം.
പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറുകയും ഗൃഹനാഥനെ ആക്രമിച്ച ശേഷം വീടു കൊള്ളയടിക്കുകയും ചെയ്ത കേസില്‍ പിടിയിലായ മൂന്നു പേര്‍ കള്ളന്മാര്‍ക്കു തന്നെ നാണക്കേടായിരിക്കുകയാണ്. മോഷണത്തിന്റെ ബാലപാഠങ്ങള്‍ മറന്നതാണ് ഇവര്‍ പിടിയിലാകാനുള്ള കാരണം.
തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സരോജിനി നഗറിലാണ് മോഷണം നടന്നത്. ആര്‍കെ പുരം നിവാസി ശുഭം (20) നിസാമുദ്ദീനില്‍ താമസിക്കുന്ന ആസിഫ് (19) ജാമിയ നഗര്‍ മുഹമ്മദ് ഷരീഫുല്‍ മുല്ല (41) എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിലൊരാളുടെ കാമുകിയ്ക്ക് വില കൂടിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാനാണ് മൂവര്‍ സംഘം കൊള്ള നടത്തിയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയിലെ സിഇഒയായ ആദിത്യകുമാറിന്റെ വീട്ടില്‍ മൂന്നംഗ സംഘം കവര്‍ച്ച നടത്തിയത്.
പട്ടാപ്പകല്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയി സംഘം കുമാറിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയ ശേഷം
ലാപ്ടോപ്പും മൊബൈല്‍ ഫോണും ഉള്‍പ്പെടെ കവരുകയായിരുന്നു.
കുമാറിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിനുള്ളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
വൈകിട്ട് 3.30ഓടെ കോളിങ് ബെല്‍ കേട്ടാണ് താന്‍ വാതില്‍ തുറന്നതെന്നാണ് കുമാറിന്റെ പരാതിയില്‍ പറയുന്നത്.
വാതില്‍ തുറന്നയുടന്‍ തോക്ക് ചൂണ്ടിയെത്തിയ മൂന്നംഗ സംഘം വീടിനകത്തേക്ക് ഇരച്ചു കയറുകയായിരുന്നു.
തുടര്‍ന്ന് തന്നെ മര്‍ദിച്ച് കെട്ടിയിട്ടു. ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ സൂക്ഷിച്ച ഒരു ബാഗ്, ജാക്കറ്റ്, ഷൂസ്, വാച്ച്, സ്‌കൂട്ടര്‍ എന്നിവ മൂന്നംഗ സംഘം കവര്‍ന്നതായും പരാതിയില്‍ പറയുന്നു.
കവര്‍ച്ചയ്ക്ക് ശേഷം സ്വയം കെട്ടഴിച്ച ആദിത്യകുമാര്‍ മറ്റൊരു ലാപ്ടോപ്പില്‍ നിന്ന് ഫേസ്ബുക്ക് വഴിയാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ വിവരം പോലീസിനു കൈമാറുകയായിരുന്നു.
കവര്‍ച്ചാ സംഘത്തിലെ ഒരാളെ ശുഭം എന്ന് മറ്റുള്ളവര്‍ വിളിച്ചിരുന്നതായി ആദിത്യകുമാര്‍ മൊഴി നല്‍കിയിരുന്നു.
ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. തുടര്‍ന്ന് ശുഭം എന്ന പേരുള്ള 150ഓളം ക്രിമിനലുകളുടെ ചിത്രങ്ങള്‍ പൊലീസ് ആദിത്യകുമാറിന് നല്‍കി. ഇതില്‍ നിന്ന് വീട്ടില്‍ കവര്‍ച്ചയ്ക്കെത്തിയ ആളെ തിരിച്ചറിഞ്ഞു.
മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ വെള്ളിയാഴ്ചയാണ് ശുഭത്തെയും കൂട്ടാളികളായ രണ്ട് പേരെയും പോലീസ് പിടികൂടിയത്.
മോഷ്ടിച്ച സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ മൂവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.
കഴിഞ്ഞ ജൂലൈയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ ശുഭം നവംബറിലാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
ജയിലില്‍വെച്ചാണ് ആസിഫുമായി പരിചയത്തിലായതെന്നും ആസിഫ് ജയിലിന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ശുഭത്തിനെതിരേ നേരത്തെ രണ്ട് കവര്‍ച്ചാക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആസിഫ്, മുല്ല എന്നിവര്‍ മൂന്ന് കേസുകളിലും പ്രതികളാണ്.
ഇവരില്‍ നിന്ന് രണ്ട് സ്‌കൂട്ടറുകളും നാല് മൊബൈല്‍ ഫോണുകളം ലാപ്ടോപ്പും വാച്ചും അടക്കം കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി.