ഓമല്ലൂര് സെന്റ് സ്റ്റീഫന് സിഎസ്ഐ പള്ളിയിലും സമീപത്തെ സിഎംഎസ് എല്പി സ്കൂളിലും മോഷണം.
സ്കൂളിലെ ലാപ്ടോപ്പ് മോഷ്ടിച്ച കള്ളന്മാര് ചെക്ക് ബുക്ക്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവ പരിസരത്ത് വലിച്ചെറിഞ്ഞതായി കണ്ടെത്തി.
ഞായറാഴ്ച രാവിലെ ആരാധനയ്ക്ക് പള്ളിയില് എത്തിയവരാണ് മോഷണ വിവരം അറിഞ്ഞത്. ഉടനെ പത്തനംതിട്ട പോലീസില് വിവരമറിയിച്ചു.
പോലീസ് എത്തി ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പള്ളിയടച്ചു. തുടര്ന്ന് പള്ളിയുടെ കീഴില് തന്നെയുള്ള സിഎംഎസ് എല്പിഎസില് വച്ചാണ് ആരാധനയും ചടങ്ങുകളും നടന്നത്. അവിടേക്ക് എത്തിയ വിശ്വാസികള് തന്നെയാണ് സ്കൂള് ഓഫീസ് തുറന്നത് ശ്രദ്ധിച്ചത്.
സ്കൂളിലെ അധ്യാപിക ഷേര്ലി മാത്യൂ സ്ഥലത്ത് വന്ന് പരിശോധിച്ചപ്പോഴാണ് അലമാരയില് സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ് മോഷണം പോയ വിവരം അറിയുന്നത്.
പള്ളിയുടെ പൂട്ട് തകര്ത്ത് സമീപത്തെ തെങ്ങിന്റെ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞതായി കണ്ടെത്തി. സംഘമായി എത്തിയാണ് മോഷണം നടത്തിയത് എന്നാണ് സൂചന. ഇവര് പാഴ്സല് വാങ്ങി ഇവിടെ കൊണ്ടുവച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.
പള്ളിയില് നിന്ന് എടുത്ത രണ്ടു കുപ്പി വൈനില് ഒന്നര കുപ്പിയോളം കാലിയാക്കിയായ ശേഷം ബാക്കിയുള്ളത് പള്ളിമുറ്റത്ത് ഉപേക്ഷിച്ചു.
കാണിക്കവഞ്ചി കുത്തിത്തുറന്ന് പതിനായിരം രൂപയോളം അപഹരിച്ചുവെന്ന് ഇടവക വികാരി ഫാദര് ഷിജോമോന് ഐസക് പറഞ്ഞു.
ആക്സോ ബ്ലേഡ് ഉപയോഗിച്ച് പള്ളിയുടെ കവാടത്തിലെ ഗ്രില്ലിന്റെ പൂട്ട് തകര്ത്താണ് മോഷ്ടാക്കള് അകത്ത് കടന്നത്.
ഉള്ളില് കടന്ന മോഷ്ടാക്കള് കവാടത്തിലെ മണിച്ചിത്ര പൂട്ട് കുത്തിപ്പൊളിച്ച് അകത്തെത്തി കാണിക്കവഞ്ചി തകര്ത്ത് പണം കവരുകയായിരുന്നു.
സ്ഥലത്തെത്തിച്ച പോലീസ് നായ മണം പിടിച്ച് സമീപത്തെ റബ്ബര് തോട്ടം വഴി മെയിന് റോഡില് എത്തിയാണ് നിന്നത്. പ്രതികള്ക്കായി അന്വേഷണം ഊര്ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.