ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട കേസില്‍ വീട്ടുജോലിക്കാരിയും ഡ്രൈവറും അറസ്റ്റില്‍.
വീട്ടുജോലിക്കാരിയായ ഈശ്വരിയുടെയും (40) ഭര്‍ത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ പലപ്പോഴായി നടന്ന വന്‍ തുകകളുടെ ഇടപാടുകളാണ് അന്വേഷണം ഇവരിലേക്കെത്തിച്ചത്.
കഴിഞ്ഞ 18 വര്‍ഷമായി ഐശ്വര്യയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഈശ്വരി, ഡ്രൈവര്‍ വെങ്കിടേശന്റെ സഹായത്തോടെ ലോക്കറില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. ചെന്നൈ പോയസ് ഗാര്‍ഡനിലുള്ള ഐശ്വര്യയുടെ വസതിയില്‍ നിന്നാണ് ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത്.
100 പവന് സ്വര്‍ണാഭരണങ്ങള്‍, 30 ഗ്രാം വജ്രാഭരണങ്ങള്‍, നാലു കിലോ വെള്ളി, വസ്തുക്കളുടെ രേഖ എന്നിവയാണ് കളവു പോയിരിക്കുന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
2019 മുതല്‍ ഈശ്വരി മോഷണം നടത്തിയിരുന്നെന്നും ആഭരണങ്ങള്‍ വിറ്റുകിട്ടിയ പണം കൊണ്ട് ചെന്നൈയില്‍ വീടു വാങ്ങിയെന്നും പോലീസ് കണ്ടെത്തി.
സഹോദരി സൗന്ദര്യയുടെ വിവാഹത്തിനാണ് ഐശ്വര്യ അവസാനമായി ആഭരണങ്ങള്‍ അണിഞ്ഞത്. അതിനുശേഷം അവ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
തുടര്‍ന്ന് മൂന്ന് തവണ ലോക്കര്‍ പല സ്ഥലങ്ങളിലേക്കും മാറ്റിയിരുന്നു. ലോക്കറിന്റെ താക്കോല്‍ തന്റെ അലമാരയിലാണ് ഐശ്വര്യ സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ ഫെബ്രുവരി 10 ന് ലോക്കര്‍ തുറന്നപ്പോള്‍, 18 വര്‍ഷമായി വാങ്ങി സൂക്ഷിച്ച ആഭരണങ്ങളില്‍ ചിലത് നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഡയമണ്ട് സെറ്റുകള്‍, പരമ്പരാഗത സ്വര്‍ണാഭരണങ്ങള്‍, നവരത്നം സെറ്റുകള്‍, വളകള്‍, 3.60 ലക്ഷം രൂപ വിലമതിക്കുന്ന 60 പവന് സ്വര്‍ണം എന്നിവ മോഷണം പോയെന്നാണ് ഐശ്വര്യ പരാതി നല്‍കിയത്.
വീട്ടുജോലിക്കാരായ ഈശ്വരി, ലക്ഷ്മി എന്നിവരെയും ഡ്രൈവര്‍ വെങ്കിടിനെയും സംശയമുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു.