കോട്ടയം: ആൾത്താമസമില്ലാത്ത വീട്ടിലെ മോഷണ സംഭവത്തിന്റെ ചുരുളഴിക്കുന്നതിനായി ഉൗർജിത അന്വേഷണത്തിൽ പോലീസ്. മാങ്ങാനം പാലൂർപ്പടി പുത്തൻപുരയ്ക്കൽ ഷീല ഇട്ടിയുടെ വീട്ടിലാണ് 48 പവൻ മോഷണം നടന്നതായി പോലീസിനു പരാതി ലഭിച്ചിരിക്കുന്നത്.
ഉടമ വിദേശത്തായതിനാൽ രണ്ടു വർഷമായി അടഞ്ഞു കിടക്കുന്ന വീട്ടിൽ ശുചീകരണ ജോലിക്കാരൻ മാത്രമാണ് ആഴ്ചകൾ ഇടവിട്ട് വരാറുള്ളത്. കഴിഞ്ഞ ദിവസം ഇദ്ദേഹം എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
മോഷണം നടന്നതു രണ്ടാഴ്ചയ്ക്കു മുന്പെന്ന നിഗമനത്തിലാണ് ഈസ്റ്റ് പോലീസ്. കഴിഞ്ഞ ദിവസം പോലീസും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.
മോഷ്ടാവ് തകർത്ത ഗേറ്റിന്റെ താഴ്, വീടിന്റെ പിന്നിലെ ഗ്രില്ലുകൾ എന്നിവിടങ്ങളിൽ ചിലന്തിവല കയറിയ നിലയിലാണ്. ഇത് മോഷണം നടന്നിട്ട് ആഴ്ചകളായതിന്റെ ലക്ഷണമാണെന്നു പോലീസ് കരുതുന്നു.
അലമാരയുടേത് ഉൾപ്പെടെ താക്കോലുകൾ താക്കോൽ പഴുതിൽ തന്നെയാണ് ഉണ്ടായിരുന്നത്. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
വീട്ടിൽ സിസി ടിവി സംവിധാനമുണ്ടായിരുന്നെങ്കിലും പ്രവർത്തന ക്ഷമമല്ലായിരുന്നു. വൈദ്യുതി കണക്ഷന്റെ മെയിൻ സ്വിച്ചും ഓഫ് ചെയ്തിരുന്നു.
48 പവൻ സ്വർണം വീട്ടിൽ ഉണ്ടായിരുന്നതായി ഷീലയാണ് സമീപവാസിയെ വിളിച്ച് അറിയിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കൾ ഇവിടേക്കെത്തിയിരുന്നു.
രാത്രി പതിവായി വെളിച്ചമില്ലാത്ത വീടുകൾ നോക്കി മോഷണം നടത്തുന്നവരാകാം സംഭവത്തിനു പിന്നിലെന്നും സംശയിക്കുന്നു. പോലീസ് വിശദമായ അന്വേഷണത്തിലാണ്.