കറുകച്ചാൽ: മോഷ്ടാക്കളുടെ ശല്യത്തിൽ പൊറുതിമുട്ടി പ്രദേശവാസികൾ. കറുകച്ചാൽ, നെടുങ്കുന്നം തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും നാളുകളായി കള്ളൻമാർ വിഹരിക്കുകയാണ്.
ഓരോ മോഷണം നടക്കുന്പോഴും പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതല്ലാതെ പ്രതികളെ പിടികൂടുന്നില്ല.കഴിഞ്ഞ ദിവസം നെടുംകുന്നം പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടന്ന മോഷണമാണ് ഒടുവിലുണ്ടായത്.
പഞ്ചായത്തോഫീസിനോടു ചേർന്നു പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ആസ്ബറ്റോസ് ഷീറ്റ് ഇളക്കിയശേഷമാണു മോഷ്ടാവ് ആശുപത്രിക്കുള്ളിൽ കയറിയത്. ഒപി ടിക്കറ്റ് എടുക്കുന്ന ഭാഗത്തെ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 126 രൂപ നഷ്ടമായി.
കെട്ടിടത്തിനുള്ളിലെ സാധനങ്ങളെല്ലാം വാരി വലിച്ചിട്ടിരുന്നു. അലമാരയും മറ്റുമേശകളും എല്ലാ തുറന്നിട്ട നിലയിലായിരുന്നു. രേഖകളടക്കം കെട്ടിടത്തിനുള്ളിൽ വാരിവലിച്ചിട്ടശേഷമാണു മോഷ്ടാവ് പോയത്.
കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ പ്രദേശത്ത് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആരാധനാലയങ്ങളും കാണിക്ക വഞ്ചിയിലും ഉൾപ്പെടെ നിരവധി മോഷണങ്ങളാണ് നടന്നിരിക്കുന്നത്.
മോഷ്ടാക്കളുടെ ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.