കാട്ടാക്കട : കള്ളുഷാപ്പിൽ മോഷണം. കള്ളും ഭക്ഷണ വസ്തുക്കളും മോഷണം പോയി. തൊഴിലാളി കമ്മിറ്റി നടത്തുന്ന അഞ്ചുതെങ്ങിമൂട് ടിഎസ് ഒന്നാം നമ്പർ ഷാപ്പിൽ നിന്നാണ് കഴിഞ്ഞദിവസം രാത്രിയോടെ മോഷണം നടന്നത്.
ഞായറാഴ്ച രാത്രി ഏഴരയ്ക്ക് അടച്ചിട്ടു പോയ ഷാപ്പ് ഇന്നലെ രാവിലെ തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെടുന്നത്.
ഉടൻ തന്നെ ഷാപ്പ് തൊഴിലാളി കമ്മിറ്റി അംഗവും ജീവനക്കാരനുമായ പ്രഭാകരൻ കമ്മിറ്റി അംഗങ്ങളെയും പോലീസിനെയും എക്സൈസിനെയും വിവരം അറിയിച്ചു.
ഇവരെത്തി പ്രാഥമിക പരിശോധന നടത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അടുക്കളക്ക് സമീപം ഉണ്ടായിരുന്ന ട്രേയിൽ സൂക്ഷിച്ചിരുന്ന പന്ത്രണ്ടു കുപ്പി കള്ളും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പതിനേഴു കുപ്പി കള്ളും കൂടാതെ 2020, 2021 എന്നീ വർഷങ്ങളിൽ എക്സൈസ് സാമ്പിൾ ശേഖരിച്ച ശേഷം രാസവസ്തു ചേർത്ത് സീൽ ചെയ്തു സൂക്ഷിച്ചിരുന്ന ഒന്പതു കുപ്പികള്ളും മോഷ്ടാവ് കൊണ്ടുപോയി.
ഇതിനു പുറമെ കുട്ടയിൽ ഇരുന്ന കപ്പ, പാചകം ചെയ്ത ഇറച്ചി ,ട്രേയിൽ ഉണ്ടായിരുന്ന മുപ്പതു മുട്ട, രണ്ടു കവർ അച്ചാർ,വെട്ടുകത്തി, ഒരു മൊബൈൽ ചാർജർ എന്നിവയും കള്ളന്മാർ കൊണ്ട് പോയി.കള്ളന്മാരുടെതു എന്ന് കരുതുന്ന ചീപ്പും മൊബൈൽ ചാർജറും സ്ഥലത്തു നിന്നും കണ്ടെത്തി.
രാസവസ്തു ചേർത്ത സാമ്പിൾ കൂടെ കൊണ്ടുപോയതാണ് മോഷണത്തിൽ കൂടുതൽ ആശങ്ക ഉണ്ടാക്കുന്നത്.എക്സൈസ് ശേഖരിക്കുന്ന മൂന്നു സാമ്പിളുകളിൽ ഒന്ന് ഷാപ്പുകളിൽ തന്നെ സൂക്ഷിക്കുകയാണ് പതിവ് ഇത് അറിയാത്ത കള്ളന്മാർ മറ്റു കുപ്പികൾക്കൊപ്പം ഇവയും കൊണ്ട് പോയിട്ടുണ്ട്.
ഇവ ഉപയോഗിച്ചാൽ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാനുള്ള സാധ്യതയും ഉണ്ടെന്ന് അധികൃതർ പറഞ്ഞു.എന്നാൽ ഇവയുടെ ഗന്ധം അതിരൂക്ഷമായതിനാൽ മോഷ്ടിച്ചവർ ഇത് തുറക്കുമ്പോൾ ഉപേക്ഷിക്കാനുള്ള സാധ്യത ഉണ്ടെന്നു എക്സൈസ് പറഞ്ഞു.
പ്രദേശത്തു രാത്രിയും പകലും സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഒരു മാസത്തിനു മുൻപാണ് ഷാപ്പിനു സമീപത്തായുള്ള മത്സ്യ കൃഷി നടത്തുന്ന കുളത്തിൽ സാമൂഹ്യ വിരുദ്ധ വിഷം കലർത്തിയത്.ഇതിന്റെ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല.