യുഎസ്: അക്രമികളിൽനിന്നു കാമുകിയെ രക്ഷിക്കാൻ ശ്രമിക്കവെ 14കാരന് ദാരുണാന്ത്യം. വ്യോമിംഗിൽ കാസ്പറിലെ ഈസ്റ്റ്രിഡ്ജ് മാളിലാണു സംഭവം. റോബർട്ട് ഡീൻ മഹർ എന്ന ആൺകുട്ടിയാണു കാമുകിയെ സുരക്ഷിതയാക്കാൻ ശ്രമിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടത്.
കാമുകി സഹായത്തിന് വിളിച്ചതിനെത്തുടർന്നാണു മഹർ മാളിലെത്തിയത്. താനും കൂട്ടുകാരിയും മാളിലാണെന്നും രണ്ടുപേർ തങ്ങളെ പിന്തുടരുകയാണെന്നുമാണു കാമുകി പറഞ്ഞത്. മാളിൽ എത്തിയപ്പോൾ 15 വയസുള്ള രണ്ടുപേർ പെൺകുട്ടികളെ പിന്തുടരുന്നതു കണ്ടു. ഇതു ചോദിക്കാൻ ചെന്ന മഹറിനെ ഇരുവരും ചേർന്ന് ആക്രമിച്ചു. മഹറിന്റെ വയറ്റിൽ രണ്ടു കുത്തേറ്റു.
മഹറിനോടുണ്ടായ വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് അവന്റെ കാമുകിയെ പിന്തുടർന്നതെന്നും ആക്രമണം നടത്തിയതെന്നുമാണ് റിപ്പോർട്ട്.
ഏതാനും നാൾ മുന്പ് മഹർ പ്രതികളെ “ഫ്രീക്ക്സ്’ എന്ന് വിളിച്ചിരുന്നത്രെ. മഹറിന്റെ കമന്റുകൾക്ക് ചോര കൊണ്ടു പകരം വീട്ടാൻ വേണ്ടിയാണ് തങ്ങളത് ചെയ്തതെന്നായിരുന്നു പിടിയിലായ പ്രതികളുടെ മൊഴി.