സ്വന്തം ലേഖകൻ
തൃശൂർ: അവധിക്കാലത്തെ കളി കാര്യമാകുന്നു. ക്രിക്കറ്റും ഫുട്ബോളും കുട്ടിയും കോലുമൊക്കെ കളിക്കുന്ന കാലം മാറി. ഇനി മനുഷ്യനെ വരെ നിയന്ത്രിക്കുന്ന റോബോട്ടുകളെ നിർമിക്കാനുള്ള തിരക്കിലായിരിക്കും കുട്ടികൾ. റോബോട്ടുകളുടെ ലോകത്തെ വരവേൽക്കാൻ കുട്ടികളെ പ്രാപ്തരാക്കാനുള്ള ലക്ഷ്യവുമായി രണ്ടു ചെറുപ്പക്കാർ രംഗത്തെത്തിയിരിക്കുന്നു.
സ്റ്റെം റോബോട്ടിക്സ് അക്കാദമി എന്ന പേരിൽ പൂങ്കുന്നത്താണ് റോബോട്ടിക് പരിശീലനം ആരംഭിച്ചിരിക്കുന്നത്. ഒരു കളിപ്പാട്ടം കിട്ടിയാൽ അത് അഴിച്ച് അതിനുള്ളിലെ മെക്കാനിസം പഠിക്കാൻ ശ്രമിക്കാത്ത കുട്ടികൾ കുറവാ ണ്. കുട്ടികൾക്കുള്ളിൽ ഉറങ്ങിക്കിടക്കുന്ന ഈ കഴിവുകൾ വികസിപ്പിച്ച് ക്രിയാത്മകമായ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും നടത്തുന്നതിന് പ്രചോദിപ്പിക്കുകയെന്നതാണ് റോബോട്ടിക്സ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.
തൃശൂർ സ്വദേശിയായ ജയറാം രാമകൃഷ്ണനും സുഹൃത്തായ രാഹുലും ചേർന്ന് ഒരു വർഷം മുന്പാണ് റോബോട്ടിക്സ് അക്കാദമി എന്ന ആശയത്തിന് സ്വിച്ചിട്ടത്. ഇതിനകം ഒട്ടേറെ കുട്ടികൾ ഇവിടെനിന്നു പരിശീലനം നേടിയതായി ജയറാം പറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ റോബോട്ടിക്സ് രംഗത്ത് നിരവധി പരിശീലന കേന്ദ്രങ്ങൾ പ്രവർത്തി ക്കുന്നുണ്ട്.
ഇത്തരം കേന്ദ്രങ്ങൾ അന്വേഷിച്ച് കണ്ടെത്തിയാണ് കേരളത്തിലെ കുട്ടികളെയും സാങ്കേതിക രംഗത്ത് മുന്നിലെത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെ അക്കാദമി തുടങ്ങാൻ തീരുമാനിച്ചത്. തൃശൂരിൽ തുടങ്ങിയ അക്കാദമിക്ക് എറണാകുളം, തിരുവനന്തപുരം, ദുബായ്, ബാംഗളൂർ എന്നിവിടങ്ങളിലും പരിശീലന കേന്ദ്രങ്ങളുണ്ട്.
അവധിക്കാലത്ത് കുട്ടികൾക്ക് പരിശീലനം നൽകാൻ ഹ്രസ്വ കോഴ്സുകൾക്കാണ് അക്കാദമി രൂപം നൽകിയിരിക്കുന്നത്. ആറു വയസു മുതലുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പത്തു ദിവസം മുതൽ മൂന്നു മാസം വരെയുള്ള കോഴ്സുകൾ കുട്ടികൾക്കും എൻജിനിയറിംഗ് വിദ്യാർഥികൾക്കുമായി നടത്തുന്നുണ്ട്. അവധിക്കാല ക്ലാസുകൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും.
റോബോട്ടിക് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് ചുരുക്കം ചില എൻജിനിയറിംഗ് കോളജുകളിൽ മാത്രമാണ് മെക്കട്രോണിക്സ് എന്ന കോഴ്സ് നടത്തുന്നത്. എന്നാൽ ഭാവിയിൽ റോബോട്ടിക്സ് രംഗത്തും ആധുനിക ശാസ്ത്ര സാങ്കേതിക രംഗത്തും വിദ്യാർഥികൾക്ക് മികച്ച അവസരങ്ങളാണ് തുറന്നിരിക്കുന്നത്.
കേരള പോലീസ് പ്രാതിനിധ്യം വഹിക്കുന്ന സൈബർ ബോധവൽക്കരണ പരിപാടിയായ “കിഡ്സ് ഗ്ലോവ്’ സ്റ്റെം അക്കാദമിയുമായി സഹകരിച്ചാണ് കേരളത്തിലുടനീളം പ്രവർത്തിക്കുന്നത്. കുട്ടികളെ സൈബർ ലോകത്തെക്കുറിച്ചും അതിൽ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും ബോധവാൻമാരാക്കുന്നതിനും, നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പടുത്തുന്നതിനുമാണ് കിഡ്സ് ഗ്ലോവ് എന്ന പദ്ധതി നടപ്പാക്കുന്നത്.