തൃശൂർ: ചീറിപ്പാഞ്ഞുവന്ന വെടിയുണ്ടകളെ ഒട്ടും കൂസാതെ മുന്നേറിയ സിനിമാ കഥാപാത്രം യന്തിരനെ നമ്മുക്കറിയാം. തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് അരങ്ങുതകർത്ത യന്തിരൻ എന്ന റോബോട്ട് വില്ലനായുണ്ടാക്കിയ പൊല്ലാപ്പുകളും അത്ഭുതങ്ങളുമെല്ലാം നാം കണ്കുളിർക്കെ കണ്ടതുമാണ്.
അതു സിനിമ എന്നു പറയാൻ വരട്ടെ…നമ്മുടെ നാട്ടിലും ഈ ഓണക്കാലത്തു യന്തിരനെ കാണാം. വല്യ പൊല്ലാപ്പുകൾക്കില്ലെങ്കിലും ആകാംക്ഷയുടെയും ആശ്ചര്യത്തിന്റെയും ചെറിയ ഓണസദ്യയുമായാണ് നമ്മുടെ യന്തിരന്റെ വരവ്. കേരളത്തിലാദ്യമായി ഓണാഘോഷത്തിനു സദ്യ വിളന്പാനായി റോബോട്ട് എത്തുന്നു.
ഷൊർണൂർ റോഡിലെ സുഹർഷ ടവറിലെ നാലാംനിലയിൽ പ്രവർത്തിക്കുന്ന ഇൻകർ റോബോട്ടിക്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓണാഘോഷ പരിപാടിയിൽ ഇത്തവണ സദ്യ വിളന്പുക അവർതന്നെ വികസിപ്പിച്ചെടുത്ത ഒരു യന്തിരനായിരിക്കും. നാലു യുവാക്കളുടെ സംരംഭമാണ് ഇൻകർ റോബോട്ടിക്സ്.
ലോകമെന്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന റോബോട്ടിക്സിന്റെ അനന്തസാധ്യത പൊതുജനത്തെ മനസിലാക്കിക്കൊടുക്കുക എന്നതാണ് ഈ സദ്യ വിളന്പലിലൂടെ അണിയറക്കാർ ലക്ഷ്യമിടുന്നത്. അടുത്തകാലത്തു തൃശൂരിൽ തുടങ്ങിയ ഒരു സൂപ്പർ മാർക്കറ്റിൽ അതിഥികൾക്കു മിഠായി നല്കി സ്വീകരിക്കുവാൻ ഈ റോബോട്ടുണ്ടായിരുന്നു. ഇനിമുതൽ ഇതേ സൂപ്പർമാർക്കറ്റിൽ ഐസ്ക്രീം എടുത്തുനല്കുന്നതും ഇതേ റോബോട്ടായിരിക്കും.
കേരളത്തിലെ ആദ്യത്തെ റോബോട്ടിക്സ് പ്ലേഗ്രൗണ്ടും ഇൻകർ റോബോട്ടിക്സിൽ ഒരുക്കിയിട്ടുണ്ട്. ഈമാസം ഏഴ്, എട്ട് തീയതികളിലാണ് പ്ലേഗ്രൗണ്ട് സൗകര്യം ഒരുക്കിയിട്ടുള്ളത്. വിവിധ തരം റോബോട്ടുകളുമായി മൂന്നുമണിക്കൂർ നേരം സംവദിക്കാനും കളിക്കാനും ഇതിലൂടെ സാധിക്കും.
ഹ്യുമനോയ്ഡ് റോബോട്ടുകൾ മുതൽ കുഞ്ഞൻ റോബോട്ടുകളായ സ്പെറിക്കൽ റോബോട്ടുകൾ വരെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. നൂതന സാങ്കേതികവിദ്യയായ വിർച്വൽ റിയാലിറ്റി നേരിട്ട് അനുഭവിച്ചറിയുകയും ചെയ്യാം. കളികളിലൂടെ റോബോട്ടിക്സ് പഠനമാണ് ഈ സംരംഭത്തിലൂടെ ഇൻകർ റോബോട്ടിക്സ് ലക്ഷ്യമിടുന്നത്.