ബെൽഗ്രേഡ്: ഗോളടി ഹരമാക്കിയ പോളിഷ് സ്ട്രൈക്കർ റോബർട്ടോ ലെവൻഡോവ്സ്കിയുടെ കരുത്തിൽ ജർമൻ വന്പന്മാരായ ബയേണ്‍ മ്യൂണിക്കിനു ജയം. ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ബിയിൽ റെഡ് സ്റ്റാർ ബെൽഗ്രേഡിനെ അവരുടെ തട്ടകത്തിൽവച്ച് മറുപടിയില്ലാത്ത ആറ് ഗോളിനാണ് ബയേണ്‍ തകർത്തെറിഞ്ഞത്.
14 മിനിറ്റ് 31 സെക്കൻഡിനുള്ളിൽ നാല് ഗോൾ നേടിയ ലെവൻഡോവ്സ്കി ഗോളടിയിൽ താൻ പുപ്പുലിയാണെന്ന് വീണ്ടും തെളിയിച്ചപ്പോൾ ലിയോണ്‍ ഗോറെറ്റ്സ്കയും (14), കോറെന്ത്യൻ ടോളിസോയും (89) ബയേണിനായി ലക്ഷ്യംകണ്ടു. 53-ാം മിനിറ്റിലെ പെനൽറ്റി ഗോളിലൂടെ വലകുലുക്കൽ ചടങ്ങ് തുടങ്ങിയ ലെവൻഡോവ്സ്കി 60, 64, 67 മിനിറ്റുകളിലും റെഡ് സ്റ്റാറിന്റെ ഇടനെഞ്ചിൽ നിറയൊഴിച്ചു. ഇതോടെ ചാന്പ്യൻസ് ലീഗിൽ ബയേണിന്റെ എക്കാലത്തെയും മികച്ച ഗോൾ നേട്ടക്കാരനെന്ന റിക്കാർഡിലും പോളിഷ് താരമെത്തി.
ഗ്രൂപ്പിൽ അഞ്ചാം മത്സരവും ജയിച്ച ബയേണ്‍ നോക്കൗട്ട് സ്ഥാനം നേരത്തേ ഉറപ്പിച്ചതാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്.
ലെവൻറിക്കാർഡ്സ്കി
* ചാന്പ്യൻസ് ലീഗിൽ നാല് ഗോൾ നേട്ടം രണ്ട് തവണ സ്വന്തമാക്കുന്ന രണ്ടാമത് താരമായി ലെവൻഡോവ്സ്കി (ലയണൽ മെസി)
* ചാന്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ വേഗത്തിൽ (14.31 മിനിറ്റ്) നാല് ഗോൾ നേടുന്ന താരം
* ഗോൾ വേട്ടയിൽ ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ അഞ്ചാമത് (റൊണാൾഡോ 127, മെസി 113, റൗൾ 71, ബെൻസെമ 64)
* ചാന്പ്യൻസ് ലീഗിൽ ബയേണിന്റെ എക്കാലത്തെയും മികച്ച ഗോൾ നേട്ടക്കാരൻ (46)
* ഈ സീസണിൽ ആകെ 26 മത്സരങ്ങളിൽനിന്ന് 31 ഗോൾ