തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇറ്റാലിയൻ പൗരൻ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്ന് രാവിലെയാണ് ഇറ്റാലിയൻ പൗരൻ റോബർട്ടോ തൊമാസ്സോ ആശുപത്രി വിട്ടത്. ജനറൽ ആശുപത്രിയിലായിരുന്നു ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞ് വന്നിരുന്നത്.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ, മേയർ ശ്രീകുമാർ എന്നിവർ ചേർന്ന് യാത്ര അയപ്പ് നൽകി. ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്കും തന്നെ പരിചരിച്ച ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും റോബർട്ടോ നന്ദി പറഞ്ഞു.
നല്ല ഭക്ഷണവും പരിചരണവുമാണ് തനിക്ക് ലഭിച്ചതെന്നും കേരളത്തെ മറക്കില്ലെന്നും വീണ്ടും മടങ്ങിവരുമെന്നും അദ്ദേഹം പറഞ്ഞു. വർക്കലയിലെ റിസോർട്ടിൽ താമസിച്ചിരുന്ന ഇദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് ജനറൽ ആശുപത്രിയിലേക്ക് ചികിത്സക്ക് മാറ്റിയത്.