അടൂര്‍: ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാളുടെ പണവും കാര്‍ഡുകളും അടങ്ങുന്ന ബാഗ് മോഷ്ടിച്ച സ്ത്രീ അറസ്റ്റില്‍. മറ്റൊരു മോഷണക്കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് വീണ്ടും ഇവര്‍ പിടിയിലായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
സ്വകാര്യ ആശുപതിയില്‍ ചികിത്സയില്‍ കഴിഞ്ഞ അടൂര്‍ നെല്ലിമൂട്ടില്‍പ്പടിയില്‍ ഹൈലാന്‍ഡില്‍ ജി. വര്‍ഗീസിന്റെ 13,000 രൂപയും എടിഎം, ഐഡി കാര്‍ഡ് ഉള്‍പ്പെടെയുള്ള ബാഗാണ് മോഷ്ടിച്ചത്. മോഷണം നടത്തിയ ആറന്മുള ഇടശേരിമല കുളമാക്കുഴി പുതവേലില്‍ ബിന്ദു രാജാ (40)ണ് അറസ്റ്റിലായത്. കഴിഞ്ഞ 26നു ഉച്ചയ്ക്കു ബിന്ദു സ്കൂട്ടറില്‍ ആശുപത്രിയില്‍ വരുന്നതും വര്‍ഗീസും ഭാര്യയും ഉറങ്ങുന്ന സമയം മുറിയില്‍ കയറി ബിന്ദു ബാഗ് മോഷ്ടിക്കുന്നതും സിസി ടിവിയില്‍ തെളിഞ്ഞു.
ഉച്ചകഴിഞ്ഞു 2.30ന് ആശു പത്രിയില്‍ വന്ന മകള്‍ മിനി ജോണ്‍ അടൂര്‍ പോലീസില്‍ പരാതി നല്‍കിയതിനേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വീട്ടില്‍ നിന്നു അറസ്റ്റു ചെയ്തത്.
കോഴഞ്ചേരി പൊയ്യാനില്‍ ആശുപത്രിയില്‍ നിന്നും മോഷണം നടത്തിയ കേസില്‍ ജാമ്യത്തിലാണ് ഇവരെന്ന് പോലീസ് പറഞ്ഞു. എസ്ഐ മനോജ് കുമാര്‍, അഡീഷണല്‍ എസ്ഐ സുഭാഷ്, ഷാഡോ അഡീഷണല്‍ എസ്ഐ രാധാകൃഷ്ണന്, സിപിഒ മാരായ സുധീഷ്, ഗോപന്, വിജയ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.