സ്വന്തംലേഖകൻ
തൃശൂർ: നേന്ത്രവാഴയ്ക്കു പകരം ഇതേ വിലയിൽ റോബസ്റ്റിന്റെ ടിഷ്യൂകൾച്ചർ തൈകൾ നൽകി കർഷകർക്ക് നഷ്ടം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും നഷ്ടം തിരിച്ചു പിടിക്കണമെന്നും നിർദ്ദേശിച്ച് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടു. വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേടും അഴിമതിയും കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്.
മുൻ ഹോർട്ടികോർപ് മാനേജിംഗ് ഡയറക്ടറും നിലവിൽ കാർഷിക സർവകലാശാല അസോസിയേറ്റ് പ്രഫസറുമായ ഡോ. പ്രതാപൻ, മുൻ ഹോർട്ടികോർപ്പ് റീജണൽ മാനേജരും നിലവിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറുമായ പി. ബാലചന്ദ്രൻ എന്നിവരിൽ നിന്ന് നഷ്ടം തിരിച്ചു പിടിക്കണമെന്നാണ് വിജിലൻസ് നിർദ്ദേശം.
സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ നാഷണൽ ഹോർട്ടികൾച്ചർ മിഷന്റെ ഗൈഡ് ലൈൻ പാലിക്കാതെ യോഗ്യതയില്ലാത്ത ലാബുകളിൽ നിന്നും ഏജൻസികളിൽ നിന്നും നടീൽ വസ്തുക്കൾ മാനദണ്ഡം പാലിക്കാതെ വാങ്ങിയതിൽ നടന്ന ക്രമക്കേടുകൾ മൂലം കർഷകർക്കും കാർഷിക രംഗത്തിനും വൻ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
കാസർഗോട്ട് സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ സംസ്ഥാന ഹോർട്ടികോർപ്പ് വഴി വിതരണം നടത്തിയ വാഴ കൃഷി വിസ്തൃതി വികസന പദ്ധതിയിൽ അംഗങ്ങളായി വാണിജ്യാടിസ്ഥാനത്തിൽ കൃഷി നടത്തിയ കർഷകർക്കാണ് നഷ്ടം സംഭവിച്ചത്.
നേന്ത്രൻ ഇനത്തിൽപെട്ട ടിഷ്യൂകൾച്ചർ വാഴതൈകൾക്ക് പകരം രണ്ടു ലക്ഷത്തോളം റോബസ്റ്റ് വാഴതൈകൾ വിതരണം ചെയ്യുകയായിരുന്നു. ഇതു മൂലം നാലു കോടി രൂപയുടെ ഉൽപാദന നഷ്ടവും വരുമാന നഷ്ടവും ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. കാസർഗോഡ് ജില്ലയിലെ കർഷകരുടെ പരാതിയും കൃഷി ഓഫീസർമാരുടെ റിപ്പോർട്ടും അവഗണിച്ച, റിട്ടയർ ചെയ്ത മുൻ ജില്ലാ ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ തിരുമലേശ്വരഭട്ടിനെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും ശിപാർശ ചെയ്തിട്ടുണ്ട്.
നേന്ത്രൻ ഇനമെന്നു പറഞ്ഞ് കർഷകരിൽ നിന്നു നാലു രൂപ 12 പൈസ ഈടാക്കി റോബസ്റ്റ് നൽകിയതു വഴി ഗുണഭോക്തൃ വിഹിത ഇനത്തിൽ മൂന്നു രൂപ 76 പൈസയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ഇതു പ്രകാരം കർഷകർ അധികമായി അടച്ച 7,52,000 രൂപ തിരിച്ചു നൽകണമെന്നുമാണ് നിർദ്ദേശം. തൈകൾ വിതരണം നടത്തിയതു വഴി സർക്കാരിനുണ്ടായ 10,49,400 രൂപയുടെ നഷ്ടം ഡോ. പ്രതാപൻ, പി.ബാലചന്ദ്രൻ എന്നിവരിൽ നിന്നും തിരിച്ചു പിടിക്കണമെന്ന് കൃഷി വകുപ്പ് സെക്രട്ടറി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടർക്ക് നൽകിയ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.