പത്തനംതിട്ട: നാളെ മുതൽ വീണ്ടും പത്തനംതിട്ട – കോയമ്പത്തൂർ സർവീസ് തുടങ്ങുമെന്ന് റോബിൻ ബസ് ഉടമ. മോട്ടോർ വാഹന വകുപ്പ് കോടതി നിർദേശപ്രകാരം ഇന്നലെ ബസ് വിട്ട് നൽകിയിരുന്നു. എന്നാൽ നിയമ ലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ മാസം 24 -ന് പുലർച്ചെയാണ് റോബിൻ ബസ് പിടിച്ചെടുത്തത്. ശനിയാഴ്ച പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബസ് വിട്ടുകൊടുക്കാൻ ഉത്തരവിട്ടിരുന്നു. തുടർന്ന് ഇന്നലെയാണ് ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ബസ് വിട്ടുകൊടുത്തത്.
ബസിന് നിലവിലെ നിയമപ്രകാരം മാത്രം സർവീസ് നടത്താമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
പത്തനംതിട്ടയിൽ നിന്ന് നാളെ മുതൽ വീണ്ടും സർവീസ് തുടങ്ങുമെന്ന് റോബിന് ബസിന്റെ നടത്തിപ്പുകാരൻ ഗിരീഷ് പറഞ്ഞു. നിയമം പാലിച്ചാണ് ഇതുവരെ സര്‍വീസ് നടത്തിയതെന്നും ഇനിയും നിയമം പാലിച്ചായിരിക്കും സർവീസ് നടത്തുകയെന്നും ഗിരീഷ് കൂട്ടിച്ചേർത്തു.
അതേസമയം, എംവിഡി പിടിച്ചിട്ട ബസിൽ നിന്ന് പല വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടമായിട്ടുണ്ടെന്നും ഗിരീഷ് ആരോപിച്ചു. സ്വര്‍ണവും പണവുമാണ് നഷ്ടമായത്. അത് ബസിന്റെ സെക്കന്റ് ഡ്രൈവറുടേതായിരുന്നു. അതൊന്നും പരിശോധിക്കാൻ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് അടുത്ത കേസുമായി മുന്നോട്ട് പോകുമെന്നും ഗിരീഷ് പറഞ്ഞു.