പത്തനംതിട്ട: ഓള് ഇന്ത്യ പെര്‍മിറ്റുമായി സര്‍വീസ് നടത്തിവന്ന റോബിന് ബസ് പിടിച്ചെടുത്ത മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ നിയമപോരാട്ടത്തിനൊരുങ്ങി ബസ് നടത്തിപ്പുകാർ. ഇതിനിടെ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പും നടപടി തുടങ്ങി.
വെള്ളിയാഴ്ച പുലര്‍ച്ചെ പത്തനംതിട്ട എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയും സംഘവും പിടിച്ചെടുത്ത ബസ് പത്തനംതിട്ട എആര്‍ ക്യാമ്പ് യാര്‍ഡിലേക്കു മാറ്റിയിരിക്കുകയാണ്. തുടര്‍ച്ചയായ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് ബസ് പിടിച്ചെടുത്തിരിക്കുന്നത്.
ഹൈക്കോടതി നിര്‍ദേശ പ്രകാരമുള്ള പിഴ അടച്ചിട്ടില്ലെന്നും പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആര്‍ടിഒ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവിധ ദിവസങ്ങളില്‍ നല്കിയ പിഴയടയ്ക്കല്‍ നോട്ടീസില്‍ 32,500 രൂപ റോബിന് ബസുടമ അടയ്ക്കാനുണ്ട്. കഴിഞ്ഞ ദിവസം നല്കിയ നോട്ടീസ് പ്രകാരം15,000 രൂപ മാത്രമാണ് അടച്ചിട്ടുള്ളത്.
ബസിലെ മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്കും മോട്ടോര്‍ വാഹനവകുപ്പ് കടന്നു. നേരത്തെ മോട്ടോര്‍ വാഹനവകുപ്പ് നല്കിയ നോട്ടീസിലെ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതിനാല്‍ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും ആരംഭിച്ചു.
ബസിന് ഓള് ഇന്ത്യ പെര്‍മിറ്റ് നല്കിയ തിരുവനന്തപുരത്തെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയും ബസ് രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് ആര്‍ടിഒയുമാണ് ഇതിന്മേല് നടപടിയെടുക്കേണ്ടത്. ഇതിനായി പത്തനംതിട്ട എന്ഫോഴ്സ്മെന്റ്് ആര്‍ടിഒ റിപ്പോര്‍ട്ട് അയച്ചു.
മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാരുമായി പോകാനുള്ള താത്കാലിക അനുമതിയാണ് കോടതി റോബിന് ബസുടമയ്ക്ക് നല്‍കിയിരുന്നതെന്നും എന്നാല്‍ തുടര്‍ച്ചയായി ഇതു ലംഘിക്കുന്നുവെന്നു മാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍.
മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി കോടതിലയക്ഷ്യമാണെന്ന് ബസ് നടത്തിപ്പുകാര്‍ പറഞ്ഞു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കും. ബസ് പിടിച്ചെടുക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.
കോടതി നല്കിയ അനുമതിയുടെ പിന്‍ബലത്തിലാണ് തങ്ങള്‍ സര്‍വീസ് നടത്തിവന്നതെന്നും നടത്തിപ്പുകാര്‍ പറഞ്ഞു. മുന്‍കൂട്ടി നിരവധിയാളുകൾ ബുക്ക് ചെയ്തിട്ടുണ്ട്. ബസ് ഓടിതിരിക്കുന്ന കാലയളവിലെ ബുക്കിംഗ് റദ്ദാക്കേണ്ടിവരുന്നതുമായി ബന്ധപ്പെട്ടും മോട്ടോര്‍ വാഹനവകുപ്പിനെതിരേ നിയമനടപടി സ്വീകരിക്കും.
നിയമം ഉദ്യോഗസ്ഥരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുകയാണെന്ന് ബസ് നടത്തിപ്പുകാരനായ ഗിരീഷ് പറഞ്ഞു. യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ട് ബസ് പിടിച്ചെടുക്കരുതെന്ന് കോടതി നിര്‍ദേശമുള്ളതാണ്. പത്തനംതിട്ട സ്റ്റാന്‍ഡില്‍ എത്തുന്നതിനു മുന്‍പ് ബസ് തടയുകയായിരുന്നുവെന്നും പരാതിയുണ്ട്. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്താനാണ് നടത്തിപ്പുകാരുടെ തീരുമാനം.