പത്തനംതിട്ട: റോബിന് ബസുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ഹൈക്കോടതിയുടെ നിര്‍ദേശംകൂടി വന്ന സാഹചര്യത്തില്‍ ബസ് സര്‍വീസ് കര്‍ശന നിരീക്ഷണത്തിലാക്കാന്‍ ഒരുങ്ങുകയാണ് ഉദ്യോഗസ്ഥര്‍. പത്തനംതിട്ട – കോയമ്പത്തൂര്‍ റൂട്ടില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ബസ് അടൂരിലേക്ക് ദീര്‍ഘിപ്പിക്കാനും സമയംമാറ്റാനും ഉള്‍പ്പെടെയുള്ള ആലോചനകള്‍ക്കിടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഇടപെടല്‍.
ഇതിനിടെ ബസ് നടത്തിപ്പുകാരന് ഗിരീഷിനെതിരേ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നല്കിയ പരാതിയില്‍ ഇന്നലെ മൊഴിയെടുത്തു. എഎംവിഐഐമാരായ രണ്ട് പേരാണ് ഗിരീഷിനെതിരേ പരാതി നല്‍കിയത്. തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. ഇന്നലെ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ ഹാജരായ ഗിരീഷിനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. പരാതി വ്യാജമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇതിനിടെ റോബിന് ബസ് പെര്‍മിറ്റ് വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച് ഇന്നലെ ഉത്തരവിട്ടു. എന്തെങ്കിലും നിയമലംഘനം ഉണ്ടായാല്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ശ്രദ്ധയില്‍പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
നിയമലംഘനം ബോധ്യപ്പെട്ടാല്‍ സിംഗിള്‍ബഞ്ച് നിയമപ്രകാരമുള്ള ഉത്തരവുകള്‍ നല്‍കണമെന്നും ഡിവിഷന് ബഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.കോടതിയലക്ഷ്യ ഹര്‍ജിയുമായി നേരത്തെ റോബിന് ബസ് ഉടമ ഹൈക്കോടതിയിലെത്തിയിരുന്നു. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിവിഷന് ബഞ്ച് ഉത്തരവുകള്‍ കൂടി പരിഗണിച്ച് ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കും.