പത്തനംതിട്ട: കോടതി സംരക്ഷണമുണ്ടെന്ന പേരില്‍ യാത്ര നടത്തിവന്ന റോബിന് ബസ്, തുടർച്ചയായ പിഴയടയ്ക്കലിനു പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. ഇന്നു പുലര്‍ച്ചെ പത്തനംതിട്ട എആര്‍ ക്യാമ്പിനു മുമ്പിൽനിന്നാണു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വന്‍ പോലീസ് സന്നാഹത്തോടെ ബസ് പിടിച്ചെടുത്തത്.
തുടര്‍ന്ന് എആര്‍ ക്യാമ്പിലേക്ക് ബസ് മാറ്റി. ബസിലെ മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്കും മോട്ടോര്‍ വാഹനവകുപ്പ് കടക്കുമെന്നാണ് സൂചന.
പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും ഉണ്ടായേക്കും. മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാരുമായി പോകാനുള്ള താത്കാലിക അനുമതിയാണ് കോടതി റോബിന് ബസുടമയ്ക്ക് നല്‍കിയിരുന്നതെന്നും ഇതു തുടർച്ചയായി ലംഘിക്കുന്നതിനാലാണു പിടിച്ചെടുത്തതെന്നുമാണു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
യാത്രക്കാരുടെ സുരക്ഷയെ അടക്കം ബാധിക്കുന്ന തരത്തില്‍ യാത്ര നടത്തിയെന്നു കണ്ടാണ് നടപടിയെടുത്തതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്നലെ വൈകുന്നേരം ആറിന് കോയമ്പത്തൂരില്‍നിന്നു പുറപ്പെട്ട ബസ് ഇന്നു പുലര്‍ച്ചെ 1.30 ഓടെയാണു പത്തനംതിട്ടയിലെത്തിയത്. ജില്ലാ അതിര്‍ത്തി മുതല്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബസിനെ പിന്തുടര്ന്നിരുന്നു.
തമിഴ്നാട്ടില്‍ കഴിഞ്ഞയാഴ്ച പിടിച്ചിട്ട ബസ് പിഴ അടച്ച് ചൊവ്വാഴ്ച മുതലാണ് വീണ്ടും സര്‍വീസ് തുടങ്ങിയത്. ബുധനാഴ്ച മടങ്ങി വന്ന ബസിന് 7500 രൂപ പത്തനംതിട്ടയില്‍ പിഴയിട്ടിരുന്നു.
മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി കോടതിലയക്ഷ്യമാണെന്ന് ബസ് നടത്തിപ്പുകാര്‍ പറഞ്ഞു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കും. ബസ് പിടിച്ചെടുക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. കോടതി നല്കിയ അനുമതിയുടെ പിന്‍ബലത്തിലാണ് തങ്ങള്‍ സര്‍വീസ് നടത്തിവന്നതെന്നും നടത്തിപ്പുകാര്‍ പറഞ്ഞു.
പ്രചാരണം നല്കിയ ബ്ലോഗര്‍മാരും കുടുങ്ങും
നിയമലംഘനത്തിന് റോബിന് ബസിന് പ്രേരണ നല്‍കിയെന്ന പേരില്‍ ബ്ലോഗര്‍മാരെയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെയും കൂടി കുടുക്കാനുള്ള ശ്രമത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ്. തുടര്‍ച്ചയായ നിയമലംഘനം നടത്തിവന്ന ബസിന് പിന്തുണ ലഭിക്കാന്‍ പ്രവര്‍ത്തിച്ചുവെന്ന പേരിലാണ് ഇവര്‍ക്കെതിരേ നടപടി ആലോചിക്കുന്നത്.
ഇതിനിടെ റോബിന് ബസിന്റെ നിയമലംഘനം ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റെടുത്ത് സ്റ്റേജ് കാര്യേജായി യാത്ര നടത്തുന്നതിനെതിരേയാണ് പരാതി.
മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിക്കെതിരേ റോബിന് ബസുടമ നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഉപഹര്‍ജിയുമായാണ് കെഎസ്ആര്‍ടിസി എത്തിയിരിക്കുന്നത്.