പത്തനംതിട്ട: തമിഴ്നാട്ടില്‍ പിടിച്ചെടുത്ത റോബിന് ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ബസ് ഉടമ ഗിരീഷ് ഇന്നു കത്തു നല്‍കും. ഗാന്ധിപുരം ആര്‍ടി ഓഫീസിലെത്തിയാണ് കത്തു നല്‍കുക.
ബസ് സർവീസ് തുടർന്നു നടത്താൻ പോരാട്ടം തുടരുമെന്നു റോബിൻ ബസ് ഉടമ ഗിരീഷ് പറഞ്ഞു. പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ റോബിന് ബസ് ഇന്നലെ ഗാന്ധിപുരം സെന്‍ട്രല്‍ ആർടിഒ കസ്റ്റഡിയിലെടുത്തിരുന്നു.
പത്തനംതിട്ടയിൽനിന്നു കോയന്പത്തൂരിലേക്കുള്ള സർവീസിനിടെ ഇടയ്ക്ക് യാത്രക്കാരെ കയറ്റാനും ഇറക്കാനുമുള്ള പെര്‍മിറ്റ് ഇല്ലാതിരുന്നിട്ടും അതിനു വിരുദ്ധമായി പ്രവർത്തിച്ചെന്നാണ് ആരോപണം.
ശനിയാഴ്ച സര്‍വീസ് നടത്തിയ ബസിന് 70,410 രൂപ തമിഴ്നാട് പിഴ അടപ്പിച്ചിരുന്നു. നികുതി അടക്കമുള്ള തുകയാണ് ഈടാക്കിയത്. 24 വരെ തമിഴ്നാട്ടില്‍ ഓടാനുള്ള അനുമതി ഇതോടെ ലഭിച്ചതായും വ്യക്തമാക്കപ്പെട്ടിരുന്നതാണ്. പിന്നാലെയാണ് ഇന്നലെ പെര്‍മിറ്റ് ലംഘനത്തിന് ബസ് പിടിച്ചെടുത്തത്.
അതേസമയം, ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ഉപയോഗിച്ച് സ്റ്റേജ് കാര്യേജിനു സമാനമായി സര്‍വീസ് നടത്താമെന്ന റോബിന് ബസുടമയുടെ വാദത്തിനെതിരേ മോട്ടോര്‍ വാഹനവകുപ്പും കെഎസ്ആര്‍ടിസിയും രംഗത്തുണ്ട്.
സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ സ്റ്റേജ് കാര്യേജായി സര്‍വീസ് നടത്തുന്നതിനെതിരേ കെഎസ്ആര്‍ടിസിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരും.
2023 ഏപ്രില്‍ 18ലെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മോട്ടോര്‍ വാഹനനിയമ ഭേദഗതിയിലൂടെ ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വ്യവസ്ഥ പ്രകാരം ഏതു റൂട്ടിലൂടെയും സ്ഥലനാമ ബോര്‍ഡ് വച്ച് സ്റ്റേജ് കാര്യേജായി ബസ് സ്റ്റാന്‍ഡുകളിലടക്കം പ്രവേശിച്ച് യാത്രക്കാരെ കയറ്റി ഇറക്കി സര്‍വീസ് നടത്താന്‍ അനുമതിയുണ്ടെന്നാണ് റോബിന് ബസ് ഉടമ ഗിരീഷിന്റെ വാദം.
എന്നാല്‍, വിനോദ സഞ്ചാരികളുടെ സുഗമമായ യാത്ര ഉദ്ദേശിച്ചാണ് നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയതെന്ന് മോട്ടോര്‍ വാഹനവകുപ്പ് വിശദീകരിക്കുന്നു.