കോട്ടയം: കുമാരനല്ലൂരില്‍ ഡെല്‍റ്റ കെ 9 നായപരിശീലനകേന്ദ്രത്തോടു ചേര്‍ന്ന വീട്ടില്‍ കഞ്ചാവ് ഉണ്ടായിരുന്നതായി അറിയില്ലെന്ന് അറസ്റ്റിലായ റോബിന് ജോര്‍ജ്. പോലീനോടും തെളിവെടുപ്പുവേളയില്‍ മാധ്യമപ്രവര്‍ത്തകരോടും പ്രതി ഇതാണ് ആവര്‍ത്തിക്കുന്നത്.
പനച്ചിക്കാട് സ്വദേശിയായ സുഹൃത്ത് അനന്തു പ്രസന്നനാണ് വീട്ടില്‍ ബാഗ് സൂക്ഷിച്ചതെന്നും തന്റെ നായ പരിശീലനം ഇല്ലാതാക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നും പ്രതി പറയുന്നു.
ഒളിവില്‍പോയ അനന്തു എവിടെയുണ്ടെന്ന് അറിയില്ലെന്നും റോബിന് പറഞ്ഞു. ബാഗില്‍ വസ്ത്രങ്ങളാണെന്നാണ് അനന്തു പറഞ്ഞിരുന്നതെന്നും അതുകൊണ്ടാണ് തുറന്നുനോക്കാതിരുന്നതെന്നും റോബിന് മൊഴിനല്‍കിയെങ്കിലും പോലീസ് ഇതു മുഖവിലക്കെടുത്തിട്ടില്ല.
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍പ്പെട്ട അനന്തുവിനായി അന്വേഷണം തുടങ്ങി. റോബിനും അനന്തുവും പങ്ക് കച്ചവടക്കാരാണെന്നും ഇവര്‍ക്ക് അതിരമ്പുഴ കേന്ദ്രമായ കഞ്ചാവ്, ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു.
ജില്ലയിലെ കഞ്ചാവ് വ്യാപാരം നിയന്ത്രിക്കുന്നതു കുപ്രസിദ്ധ ഗുണ്ടകളാണ്. കാപ്പ ചുമത്തി നാടുകടത്തുകയോ ജയിലാക്കുകയോ ചെയ്തതായി പോലീസ് അവകാശപ്പെടുന്ന ക്രിമിനലുകളാണ് കഞ്ചാവിന്റെ മൊത്തവ്യാപാരവും ചില്ലറ കച്ചവടവും നിയന്ത്രിക്കുന്നത്.
കൊലപാതകം ഉള്‍പ്പെടെ കൃത്യങ്ങളില്പ്പെട്ടെ ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രധാന വരുമാനം ലഹരി ഉത്പന്നങ്ങളാണ്. ഇവരേറെയും മദ്യത്തിനും കഞ്ചാവിനും മറ്റ് ലഹരിക്കും അടിമകളുമാണ്.
കുമാരനല്ലൂരില്‍ വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ സംഭവത്തിനു പിന്നിലും അടുത്തിടെ ജയില്‍ മോചിതനായ കുപ്രസിദ്ധ ഗുണ്ടയുടെ ബന്ധം പോലീസ് സംശയിക്കുന്നു. അനന്തു ഗുണ്ടാഘത്തിലുണ്ടായിരുന്നു.
ആര്‍പ്പൂക്കര, അയ്മനം, അതിരമ്പുഴ പ്രദേശങ്ങളില്‍ തഴച്ചുവളര്‍ന്ന നൂറിലേറെപ്പേര്‍ വരുന്ന ഗുണ്ടാസംഘങ്ങളെ പോലീസ് പലപ്പോഴായി ഒതുക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും തലപ്പൊക്കി തുടങ്ങിയിരിക്കുകയാണ്.
അയ്മനം കേന്ദ്രീകരിച്ചുള്ള മറ്റൊരു ഗുണ്ടാസംഘം സമീപകാലത്തു നിശബ്ദമാണെങ്കിലും ലഹരി ഇടപാടുകളില്‍ ഇടപെടുന്നതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.