തലശേരി: കൊട്ടിയൂരിലെ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒന്നാംപ്രതി വയനാട് നടവയല്‍ വടക്കുംചേരിയില്‍ ഹൗസില്‍ ഫാ. റോബിന് മാത്യുവിന് 20 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. തലശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) ജഡ്ജി പി.എന്‍.വിനോദാണ് കേസിൽ വിധി പറഞ്ഞത്.
പ്രതിക്കെതിരേ പ്രോസിക്യൂഷൻ ചുമത്തിയ മൂന്ന് കുറ്റവും ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. മൂന്ന് കുറ്റത്തിനും ഓരോ ലക്ഷം രൂപ വീതമാണ് കോടതി പിഴ ചുമത്തിയിരിക്കുന്നത്. പിഴയായി ലഭിക്കുന്ന തുകയിൽ നിന്നും 1.5 ലക്ഷം രൂപ ഇരയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു.
കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സാക്ഷിമൊഴി നൽകിയ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരേ നടപടി വേണമെന്നും കോടതി നിരീക്ഷിച്ചു. ഇരയായ പെൺകുട്ടിയുടെ സംരക്ഷണ ചുമതല ലീഗൽ സർവീസ് അഥോറിറ്റിക്കായിരിക്കുമെന്നും കോടതി വിധിച്ചു.
കേസിലെ മറ്റ് ആറു പ്രതികളെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു. അമ്മയുടെയും കുട്ടിയുടെയും സംരക്ഷണം ഏറ്റെടുത്തുകൊള്ളാമെന്നും അതിനാൽ ശിക്ഷയിൽ ഇളവു നൽകണമെന്നും റോബിൻ കോടതിയോട് അപേക്ഷിച്ചിരുന്നു.
രണ്ടാംപ്രതി കൊട്ടിയൂര്‍ പാലുകാച്ചി നെല്ലിയാനിയില്‍ ഹൗസില്‍ തങ്കമ്മ എന്ന അന്നമ്മ (54), ആറ് മുതല്‍ 10 വരെ പ്രതികളായ മാനന്തവാടി തോണിച്ചാല്‍ ക്രിസ്തുദാസി കേണ്വെന്റിലെ സിസ്റ്റർ കൊട്ടിയൂര്‍ നെല്ലിയാനിവീട്ടില്‍ ലിസ്മരിയ എന്ന എല്‍സി (35), ഏഴാംപ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ (48), മാനന്തവാടി വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫൗണ്ടിംഗ് ഹോമിലെ സിസ്റ്റര്‍ പാലാ മീനച്ചില്‍ നന്തിക്കാട്ട്ഹൗസില് ഒഫീലിയ (73), കൊളവയല്‍ സെന്റ് ജോര്‍ജ് പള്ളി വികാരിയും ശിശുക്ഷേമസമിതി മുന്‍ ചെയര്‍മാനുമായ കോഴിക്കോട് പെരുവണ്ണാമുഴി ചെമ്പനോട തേരകം ഹൗസില്‍ അഡ്വ. തോമസ് ജോസഫ് തേരകം (68), വയനാട് ശിശുക്ഷേമസമിതി അംഗവും കല്‍പ്പറ്റയിലെ സ്വകാര്യആശുപത്രിയിലെ ഡോക്ടറുമായ ഇടുക്കി മൂലമറ്റം കളപ്പുരയില്‍ ഹൗസില്‍ സിസ്റ്റര്‍ ബെറ്റി ജോസ് എന്ന അച്ചാമ്മ ജോസഫ് (71) എന്നിവരെയാണ് വെറുതെവിട്ടത്.
കമ്പ്യൂട്ടര്‍ പഠനത്തിനായി പള്ളിമേടയിലെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കാനഡയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച വൈദികനെ വിമാനത്താവളത്തിലേക്കുള്ള വഴിമധ്യേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ്വണ് വിദ്യാര്‍ഥിനിയായ പതിനേഴുകാരി കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ 2017 ഫെബ്രുവരി ഏഴിന് രാവിലെ 9.25-നാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അന്ന് വൈകിട്ട് തന്നെ കുഞ്ഞിനെ അതീവരഹസ്യമായി വൈത്തിരിയിലെ എച്ച്ഐഎം ഫൗണ്ടിങ്ങ് ഹോമിലേക്ക് മാറ്റി.
2018 ഓഗസ്റ്റ് ഒന്നിനാണ് വിചാരണ ആരംഭിച്ചത്. 38 സാക്ഷികളെ വിസ്തരിക്കുകയും 80 രേഖകളും ഏഴ് തൊണ്ടിമുതലുകളും പരിശോധിക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും പരസ്പര സമ്മതത്തോടെയായതിനാല് കുറ്റകരമല്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 പ്രകാരം പ്രായം തെളിയിക്കാനുള്ള ജനന സര്‍ട്ടിഫിക്കറ്റും സ്കൂള്‍ സര്‍ട്ടിഫിക്കറ്റും ലൈവ് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും പ്രോസിക്യുഷന് ഹാജരാക്കി.