തലശേരി: കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട കൂത്തുപറന്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെ മൂന്നുപേർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും. മൂന്നു മുതൽ അഞ്ച് വരെ പ്രതികളായ ഗൈനക്കോളജിസ്റ്റ് ഡോ.സിസ്റ്റർ ടെസി ജോസ്, ശിശുരോഗ വിദഗ്ധൻ ഹൈദരലി, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആൻസി എന്നിവർ അഡ്വ.വി.ജയകൃഷ്ണൻ മുഖാന്തിരം സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയാണ് ഇന്ന് അഡീഷണൽ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുക.
അതിനിടെ, ഈ കേസിൽ അറസ്റ്റിലായി കണ്ണൂർ സ്പെഷൽ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന ഫാ. റോബിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ ഹർജിയിലും കോടതി ഇന്ന് വിധി പറയും. ഫാ.റോബിനെ ഇന്ന് കോടതി മുന്‍പാകെ ഹാജരാക്കാനുള്ള പ്രൊഡക്ഷൻ വാറണ്ട് ഇന്നലെ കോടതി പുറപ്പെടുവിച്ചിരുന്നു.
വിശദമായ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് അന്വേഷണ സംഘം പ്രോസിക്യൂഷൻ മുഖാന്തിരം കോടതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ചൊവ്വാഴ്ചയാണ് ഹർജി സമർപ്പിച്ചത്. ഫാ.റോബിനെ കോടതിയിൽ ഹാജരാക്കുന്നത് കണക്കിലെടുത്ത് കോടതിയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.