വിഷാംശം കലര്‍ന്ന മത്സ്യത്തെ തീന്മേശയില് നിന്നും അകറ്റുന്നതിനായി വിഷരഹിത വളര്‍ത്തു മത്സ്യങ്ങളുമായി റോബിന് ജോസ് തട്ടാംപറമ്പില്‍. സ്വന്തം കൃഷിയിടത്തില്‍ സ്വാശ്രയത്വത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് മാതൃകയാവുകയാണ് അറക്കുളം മൈലാടി സ്വദേശിയായ ഈ യുവാവ്.
മത്സ്യം വളര്‍ത്തലില്‍ നൂറു മേനി വിളവിന്റെ ഉടമയാണ് റോബിന്. മേലധികാരികളുടെ വിരട്ടലോ ടാര്‍ജറ്റുകളുടെ സമ്മര്‍ദമോ ഇല്ലാതെ കൃഷിയില്‍ ആനന്ദം കണ്ടെത്തുകയാണ് ബിരുദധാരിയായ ഈ 32-കാരന്. പഠനം കഴിഞ്ഞ് കുടുംബസ്വത്തായി ലഭിച്ച ഏഴേക്കര്‍ സ്ഥലത്ത് റബര്‍, മരച്ചീനി, കോഴി വളര്‍ത്തല്‍ എന്നിവയ്ക്കൊപ്പം മത്സ്യം വളര്‍ത്തലാണ് പ്രധാനമായും നടത്തുന്നത്.
15 സെന്റ് സ്ഥലത്താണ് റോബിന്റെ മത്സ്യക്കുളം. പത്തടി താഴ്ചയിലാണ് കുളം നിര്‍മിച്ചിരിക്കുന്നത്. കടുത്ത വേനലിലും വെള്ളം ലഭിക്കുന്ന വിധത്തിലുള്ള നിരവധി ഉറവുചാലുകള്‍ കുളത്തിനുള്ളിലുണ്ട്. വെള്ളം പുറത്തേക്കൊഴുകുന്നതിന് ക്രമീകരണം ചെയ്തിരിക്കുന്നതിനാല്‍ ശുദ്ധജലം എപ്പോഴും ലഭ്യമാണ്.
കുളം മലിനമാകാതിരിക്കാന്‍ ഗ്രീന്‍ നെറ്റ് പാകിയിട്ടുണ്ട്. ഒരു വര്‍ഷമായി മത്സ്യം വളര്‍ത്തല്‍ ആരംഭിച്ചിട്ട്. ആദ്യമായി 1600 ഗിഫ്റ്റ് തിലോപ്പിയായാണ് കുളത്തില്‍ നിക്ഷേപിച്ചത്. 400 കിലോയോളം മത്സ്യം ഇതുവരെ വില്പന നടത്തി. ഗോവന്‍ തീറ്റയാണ് നല്‍കുന്നത്. പുതുതായി 3000 മത്സ്യ കുഞ്ഞുങ്ങളെ കൂടി നിക്ഷേപിക്കാനൊരുങ്ങുകയാണ് ഇദ്ദേഹം. ഒന്നര ലക്ഷം രൂപ മുടക്കിയാണ് കുളവും ഇതര സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നത്.
കിലോയ്ക്ക് 250 രൂപ വിലയ്ക്കാണ് മത്സ്യം വില്‍ക്കുന്നത്. റബര്‍ കൃഷിയില്‍ നിന്നും വരുമാനം ഇല്ലാതാകുന്ന ഈ കാലയളവില്‍ ആദായകരമായ മറ്റൊരു കൃഷി കൂടി ചെയ്തില്ലെങ്കില്‍ ജീവിതം മുന്നോട്ടു പോകാനാവാത്ത സ്ഥിതിയാണുള്ളതെന്നു റോബിന് പറയുന്നു.
ഒരു മത്സ്യക്കുളം കൂടി നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ഇദ്ദേഹം. കേരള ഫിഷറീസ് ഡിപ്പാര്ട്ടുമെന്റില് നിന്നും അധികൃതര്‍ വന്ന് കുളം കണ്ട് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. വിഷ രഹിത മത്സ്യങ്ങള്‍ ഉത്പാദിപ്പിച്ച് വിപണനം നടത്തുകയാണ് റോബിന്റെ ലക്ഷ്യം. ലിസയാണ് ഭാര്യ. റോസ്, റയാന് എന്നിവരാണ് മക്കള്‍.
ഭാര്യയും കുട്ടികളും റോബിനെ മത്സ്യം വളര്‍ത്തലില്‍ സഹായിക്കാന്‍ ഒപ്പമുണ്ട്. വിദ്യാഭ്യാസ മുണ്ടെങ്കിലും തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണം വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ കൃഷിയെ സ്നേഹിക്കുന്ന റോബിന് പുതുതലമുറയ്ക്ക് മാതൃകയായി മാറുകയാണ്.