കോട്ടയം: കുമാരനല്ലൂരില് നായ പരിശീലനത്തിന്റെ മറവില് കഞ്ചാവ് വില്പന നടത്തിയ കേസിലെ പ്രതി റോബിന് ജോര്ജ് പിടിയില്.
തമിഴ്നാട്ടിലെ തിരുനല്വേലിയില്നിന്ന് ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്. പുലര്ച്ചയോടെ അന്വേഷണസംഘം പ്രതിയെ കോട്ടയത്ത് എത്തിച്ചു. രാവിലെ പത്തോടെ കുമാരനല്ലൂരിലെ “ഡെല്റ്റ കെ-9′ നായ പരിശീലനകേന്ദ്രത്തിലെത്തിച്ചു തെളിവെടുപ്പു നടത്തി.
തിരുനല്വേലിയിലെ സുഹൃത്തിന്റെ വീട്ടില്നിന്നാണ് റോബിനെ പോലീസ് പിടികൂടിയത്. അടുത്തബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിലൂടെയാണ് ഇയാള് എവിടെയുണ്ടെന്ന് പോലീസ് മനസിലാക്കിയത്.
ഇയാള് മൊബൈല് ഫോണും എടിഎം കാര്ഡും ഉപയോഗിക്കാത്തതുമൂലം ലൊക്കേഷന് ട്രാക് ചെയ്യാന് ബുദ്ധിമുട്ടിയിരുന്നു. ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തോടെ എക്സൈസ് സംഘം നടത്തിയ റെയ്ഡില് 17.8 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.പോലീസിനെ കണ്ടതും നായ്ക്കളെ അഴിച്ചുവിട്ട് റോബിന് സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
മൂന്നു ദിവസമായി ഇയാളുടെ പിന്നാലെയായിരുന്നു പോലീസ്. രണ്ട് തവണ ഇയാള് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയും ചെയ്തു.ആറു സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസിന്റെ അന്വേഷണം.