കോട്ടയം: കഞ്ചാവ് ശേഖരം പിടികൂടാനെത്തിയ പോലീസ് സംഘത്തിനുനേരേ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട് ഓടി രക്ഷപ്പെട്ട പ്രതി റോബിന് ഇന്നലെയും പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു.
കോട്ടയം പാറമ്പുഴ കൊശമറ്റം ഭാഗത്ത് ഇയാള്‍ക്കായി അന്വേഷണം നടത്തുകയായിരുന്ന പോലീസ് സംഘത്തിനു മുന്നില്‍പ്പെട്ട റോബിന് ആറ്റില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
റോബിനായി സംസ്ഥാന വ്യാപകമായി വല വിരിച്ചിരിക്കുകയാണ് പോലീസ്. ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടയില്‍ റോബിന്റെ കൂട്ടാളികളായ രണ്ടു പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നായ പരിശീലന കേന്ദ്രത്തില്‍ നായ്ക്കള്‍ക്കൊപ്പം വില കൂടിയ മീനുകളെയും വളര്‍ത്തിയിരുന്നു. മീനുകളെ കൊണ്ടുപോകുന്നതിനായി കഴിഞ്ഞ രാത്രിയില്‍ എത്തിയതായിരുന്നു മൂന്നംഗ സംഘം.
ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടു. മറ്റു രണ്ടു പേരെയാണ് പിടികൂടിയിരിക്കുന്നത്. ആര്‍പ്പൂക്കര സ്വദേശികളായ റെണാള്‍ഡോ (ടുട്ടു-22), ജോര്‍ജ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കോട്ടയത്തെ പ്രമുഖ ഗുണ്ടാത്തലവനുമായും കഞ്ചാവ് മാഫിയയുമായും ബന്ധമുള്ളതായാണ് പോലീസ് പറയുന്നത്.
രക്ഷപ്പെട്ട റോബിനും കുപ്രസിദ്ധ ഗുണ്ടാത്തലവന്റെ സംഘത്തിലുള്ളതായാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. കുമാരനല്ലൂരിലെ നായ പരിശീലനകേന്ദ്രത്തില്‍ കഞ്ചാവിനൊപ്പം മയക്കുമരുന്നും എംഡിഎംഎയും വില്പന നടത്തിയിരുന്നതായും കാരിയര്‍മാരായി സ്ത്രീകള്‍ ഉള്‍പ്പെടെ വലിയ സംഘം ഉണ്ടായിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും നടക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം പുറംലോകം അറിയുന്നത്. ഞായറാഴ്ച രാത്രി 10ന് ഇടപാടുകാരനെന്ന വ്യാജേന സ്ഥാപനത്തിന്റെ മതിലിനു സമീപത്തേക്കു വിളിച്ച് സംസാരിക്കുന്നതിനിടെ അപകടം മണത്ത റോബിന് എതിരാളികളെ കൊലപ്പെടുത്താന്‍ ശേഷിയുള്ള അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായ്ക്കളെ അഴിച്ചുവിട്ടശേഷം മതില്‍ച്ചാടി പിന്നിലെ പാടത്തിലൂടെ രക്ഷപ്പെടുകയായിരുന്നു.
പിന്നീട് പോലീസ് ഡോഗ് സ്ക്വാഡ് നായ്ക്കളെ അനുനയിപ്പിച്ചു പൂട്ടിയശേഷമാണു വീടിനുള്ളില്‍ പരിശോധന നടത്തിയത്. കിടപ്പുമുറിയിലെ കട്ടിലില്‍ രണ്ട് ബാഗിനുള്ളിലായിരുന്നു കഞ്ചാവ്. ആക്രമണകാരികളായ അമേരിക്കന്‍ ബുള്ളി, റോട്ട് വീലര്‍ തുടങ്ങി 13 നായ്ക്കളുണ്ടായിരുന്നു.