കട്ടപ്പന: കാമുകിയുടെ സ്വകാര്യചിത്രങ്ങൾ അവരുടെ ബന്ധുക്കൾക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥനും തപാൽവഴി അയച്ചുകൊടുക്കാൻ യുവാവിനെ പ്രേരിപ്പിച്ചത് യുവതിയോടുള്ള പ്രതികാരം. കാമുകി മറ്റൊരാളുമായി അടുപ്പത്തിലായതറിഞ്ഞ യുവാവ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായതോടെയാണ് വളഞ്ഞവഴി തേടിയത്. കട്ടപ്പന പോലീസ് നടത്തിയ അന്വേഷണത്തിൽ കാഞ്ചിയാർ പേഴുംകണ്ടം കുന്പളന്താനത്ത് റോബിനെ(44) ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
കേറ്ററിംഗ് സർവീസ് ജീവനക്കാരനായ റോബിൻ, വിവാഹിതയായ യുവതിയുമായി പ്രണയത്തിലായിരുന്നു. ഇതു മുതലെടുത്ത് ഇയാൾ യുവതിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി. ഇതിനിടെയാണ് യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നു റോബിൻ അറിയുന്നത്.
അതിൽനിന്നു പിന്തിരിയണമെന്നു പലതവണ ആവശ്യപ്പെട്ടിട്ടും തയാറാകാതെവന്നതോടെയാണ് ചിത്രങ്ങൾ ദുരുപയോഗം ചെയ്യാൻ തീരുമാനിച്ചത്. തുടർന്ന് യുവതിയുടെ ഭർത്താവിനും ബന്ധുവിനും ചിത്രം തപാൽവഴി അയച്ചുകൊടുത്തു. യുവതിയുമായി അവിഹിതബന്ധമുള്ള അധ്യാപകന്റെ ഭാര്യ എന്ന വ്യാജേനയാണ് ഇയാൾ കത്തുകൾ അയച്ചത്.
ഇതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡും യുവതിയേക്കുറിച്ചുള്ള വിശദാംശങ്ങളടങ്ങിയ കത്തും കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ്മോഹനും ലഭിച്ചു. തുടർന്നുനടത്തിയ അന്വേഷണത്തിൽ കത്തിടപാട് നടത്തുന്നത് റോബിനാണെന്നു കണ്ടെത്തിയയോടെ കട്ടപ്പന സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കത്തും മെമ്മറി കാർഡും ഫോറൻസിക് വിഭാഗത്തിനു കൈമാറിയിട്ടുണ്ട്. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.