കോന്നി: സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ആരുടെ പിന്നാലെയും പോയിട്ടില്ലെന്ന് പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റര്‍. കോന്നിയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തന്റെ പേര് പരിഗണിച്ചപ്പോള്‍ തന്നെ ഡിസിസിയിലെ ഒരു വിഭാഗം എതിര്‍ത്തു. ഇത് എന്തിനെന്നു വ്യക്തമല്ല.
23 വര്‍ഷം കോന്നിയെ പ്രതിനിധീകരിച്ചിരുന്ന അടൂര്‍ പ്രകാശിനൊപ്പംനിന്ന് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുക മാത്രമാണ് താന്‍ ചെയ്തത്. അടൂര്‍ പ്രകാശ് എംഎല്‍എ സ്ഥാനം രാജിവച്ചതോടെ സ്ഥാനാര്‍ഥിയാകാന്‍ താന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ സീറ്റു ലഭിച്ചാല്‍ മത്സരിക്കാന്‍ സന്നദ്ധനായിരുന്നു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന ബി. രാജപ്പന്‍പിള്ളയാണ് തന്നെ രാഷ്ട്രീയത്തിലേക്ക് വഴിനടത്തിയത്. കോന്നിയുടെ കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്ന പി.ജെ. തോമസും അടൂര്‍ പ്രകാശും കാട്ടിയ വികസനവഴി അനുകരണീയമെന്നു തോന്നി.
നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഇതേവരെ അനുസരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ചിട്ടുള്ള എല്ലാ സ്ഥാനങ്ങളും പാര്‍ട്ടി നല്‍കിയതുമാണ്. തനിക്കു പിന്തുണയുമായി നിന്ന എല്ലാവരോടും തികഞ്ഞ നന്ദിയുണ്ടെന്നും റോബിന് പറഞ്ഞു.