ദുബായ് പോലീസ് സേനയിൽ മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം യന്ത്രമനുഷ്യനും ജോലി ആരംഭിച്ചു. മാളുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പട്രോളിംഗ് നടത്തുക എന്നതാണ് പ്രാഥമിക ജോലിയായി ഏൽപ്പിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങൾ അധികൃതരെ അറിയിക്കാനും പിഴകൾ നേരിട്ട് അടയ്ക്കാനും റോബോട്ടിനെ ഉപയോഗിക്കാം. കൂടാതെ നെഞ്ചിലെ ടച്ച് സ്ക്രീൻ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുവാനും സാധിക്കും. ആളുകൾക്ക് പോലീസ് സ്റ്റേഷനുകളിൽ എത്താതെ അവയുടെ സേവനം 24 മണിക്കൂറും ഉപയോഗപ്പെടുത്താനുമാകും.
2030 ആകുന്പോൾ പോലീസ് സേനയിൽ 25 ശതമാനത്തോളം റോബോട്ട് പോലീസിനെ വിന്യസിക്കാനാണ് ദുബായി സർക്കാർ പദ്ധതിയിടുന്നത്. എന്നാൽ ഇതിന്റെ പേരിൽ നിലവിലുള്ള ഒരു പോലീസുകാർക്കും ജോലി നഷ്ടമാകില്ലെന്നും ഇവർ ഉറപ്പു നൽകുന്നു. നിലവിൽ ഇംഗ്ലീഷ്, അറബി ഭാഷകൾമാത്രമേ റോബോട്ട് കൈകാര്യം ചെയ്യുകയുള്ളൂ. വൈകാതെ തന്നെ റഷ്യൻ, ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലും ആളുകൾക്ക് റോബോട്ടുമായി സംസാരിക്കാൻ സാധിക്കും.
ദുബായിയിൽ നാൾക്കുനാൾ ജനങ്ങളുടെ എണ്ണം വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ പോലീസുകാരെ പല സ്ഥലങ്ങളിലേക്ക് മാറ്റേണ്ടി വരും. അതുകൊണ്ട് പോലീസുകാരെ സഹായിക്കാനാണ് റോബോട്ടുകളെ പ്രധാനമായും രംഗത്തിറക്കിയിരിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.