ഒറ്റപ്പാലം: ഇത് ആൻഡ്രോയ്ഡ് കുഞ്ഞപ്പനല്ല, ബുർഡിനോ കുഞ്ഞപ്പനാണ്… കോവിഡ് രോഗികൾക്കും, ക്വാറന്റൈനിൽ കഴിയുന്നവർക്കും മരുന്നുകളും ആഹാരസാധനങ്ങളും എത്തിക്കുന്ന റോബട്ട്.
വരോട് ഭവൻസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മനു മോഹനാണ് ബുർഡിനോ എന്ന പേരിൽ റോബട്ടിനെ നിർമിച്ചത്.
മൊബൈലിൽ കണ്ട്രോളിംഗ് സെറ്റ് ചെയ്തു പ്രവർത്തിപ്പിക്കുന്ന റോബട്ടിന് ഓട്ടോമാറ്റിക് സെൻസറുകളുമുണ്ട്. ലോക്ഡൗണ്‍ തുടങ്ങിയശേഷം പത്തിരിപ്പാലയിലെ അകലൂരിലുള്ള മാതൃവീട്ടിൽ താമസിച്ചാണു മനു മോഹൻ റോബട്ടിനെ നിർമിച്ചത്.
സഹായത്തിനായി സുഹൃത്തും സഹോദരിയും ഒപ്പമുണ്ടായിരുന്നു. ഏകദേശം ഇരുപതിനായിരം രൂപയാണ് റോബട്ടിന്റെ നിർമാണച്ചെലവ്.
രോഗമില്ലാത്തവർക്കും വിവിധ കാര്യങ്ങൾക്കു റോബട്ടിന്റെ സഹായം തേടാൻ കഴിയും. ഏറ്റവും കുറഞ്ഞ ചെലവിലാണ് റോബട്ടിനെ ഉണ്ടാക്കിയിരിക്കുന്നത്.
ഭവൻസ് സ്കൂളിലെ പ്രധാന അധ്യാപികയായ വൈജയന്തിമാല, ക്ലാസ് ടീച്ചർ നിസ്സ എന്നിവരുടെ സഹായത്താലാണു വേഗത്തിൽ റോബട്ടിനെ നിർമിക്കാനായതെന്നു മനു മോഹൻ പറഞ്ഞു.
വരോട് തരിയാൻ പള്ളിയാലിൽ വീട്ടിൽ മോഹൻദാസിന്റെയും മിനിയുടെയും മൂത്തമകനാണു മനു മോഹൻ, സഹോദരി മഞ്ജിമ മോഹൻ.
മംഗലം ശങ്കരൻകുട്ടി