കണ്ണൂർ: സിനിമാതാരം മണിയൻപിള്ള രാജുവിന്റെ നേതൃത്വത്തിൽ കേരളത്തിലാദ്യമായി റോബോട്ടുകൾ ഭക്ഷണം വിളന്പുന്ന റസ്റ്റോറന്റ് “ബീ അറ്റ് കവിസോ’ ഇന്നു പ്രവർത്തനമാരംഭിക്കും. കണ്ണൂർ ഗോപാൽ സ്ട്രീറ്റിൽ കലിക്കോടൻകാവ് റോഡിലാണ് റസ്റ്റോറന്റ് പ്രവർത്തിക്കുന്നത്.
ചൈനയിൽനിന്ന് ഇറക്കുമതിചെയ്ത മൂന്നു പെൺ റോബോട്ടുകളും കുട്ടികളെ കൈപിടിച്ച് നടന്നു രസിക്കാൻ ഒരു കുട്ടി റോബോട്ടുമുണ്ട്. അലീന, ഹെലൻ, ജെയിൻ എന്നീ പേരുകളാണ് റോബോട്ടുകൾക്ക് നൽകിയിരിക്കുന്നത്. പൂർണമായും സെൻസറിലാണ് ഇവ പ്രവർത്തിക്കുക. റോബോട്ടുകളുടെ കൈയിൽ കൊടുത്തുവിടുന്ന ഭക്ഷണം കൃത്യമായ രീതിയിൽ തീൻമേശയിൽ എത്തിക്കും.
തറയിൽ തയാറാക്കിയ പ്രത്യേക മാഗ്നറ്റിക് ഷീൽഡിലൂടെയാണ് റോബോട്ടുകൾ സഞ്ചരിക്കുക. മണിയൻപിള്ള രാജുവിനെ കൂടാതെ വളപട്ടണം സ്വദേശി സി.വി. സിനാമുദ്ദീൻ, ഭാര്യ സജ്മ നിസാം, പള്ളിക്കുന്ന് സ്വദേശി എം.കെ.വിനീത് എന്നിവരാണ് മറ്റു പാർട്ണർമാർ. കൂടാതെ വീട്ടമ്മമാർ പാകംചെയ്യുന്ന കേക്കും ഇവിടെ ലഭിക്കും.
ഇതിനായി ബേക്കിംഗ് മമ്മി എന്ന സ്റ്റാളും പ്രവർത്തിക്കുന്നുണ്ട്. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തനസമയം. പ്രത്യേകതകൾ പലതുമുണ്ടെങ്കിലും അധികവില ഈടാക്കില്ലെന്ന് മണിയൻപിള്ള രാജു പത്രസമ്മേളനത്തിൽ പറഞ്ഞു. സി.വി. സിനാമുദ്ദീൻ, ഭാര്യ സജ്മ നിസാം, എം.കെ. വിനീത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.