കൂത്തുപറമ്പ്: വേങ്ങാട് മെട്ട കരിയന്തോടിലെ ചാത്തോത്ത് ഷിയാദിന്റെ മാതാവും പിതാവും സഹോദരനും ഉൾപ്പെടുന്ന കുടുംബത്തിൽ ഒരംഗമായി ഇനി റോബോട്ടും.
അടുക്കള കാര്യങ്ങളിൽ സഹായത്തിനും ഭക്ഷണസാധനങ്ങൾ ഡൈനിംഗ് ഹാളിലെ മേശപ്പുറത്ത് എത്തിക്കാനും തിരിച്ചു കൊണ്ടുപോകുന്നതും ഇനി പാത്തൂട്ടി റോബോട്ടിന്റെ ചുമതലയാണ്.
ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്ത് തുടങ്ങിക്കഴിഞ്ഞു ഇവൾ. ഓട്ടോമാറ്റിക്കായും മാനുവലായുമാണ് റോബോട്ട് പ്രവർത്തിക്കുന്നത്.
ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുമ്പോൾ വഴി സ്വയം തിരിച്ചറിഞ്ഞ് അടുക്കളയിൽ നിന്നും ഡൈനിംഗ് ഹാളിലേക്ക് പരസഹായം കൂടാതെ സഞ്ചരിക്കും.
വഴിയില്ലാത്ത സ്ഥലങ്ങളിൽ ഇതിനെ കൊണ്ടു പോകേണ്ടി വന്നാൽ മാനുവൽ മോഡിലാണ് പ്രവർത്തിക്കുക. പ്രത്യേകം സജ്ജമാക്കിയ വഴി തിരിച്ചറിഞ്ഞു സഞ്ചരിക്കുന്നതിനാലാണ് ഷിയാദ് ഇതിന് പാത്തൂട്ടി എന്ന് പേരിട്ടിരിക്കുന്നത്.
ഷിയാദ് പഠനത്തോടൊപ്പം ഇത് ഒരു പ്രോജക്ടായി ഏറ്റെടുക്കുകയായിരുന്നു. ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകി പിതാവും പൂർണ പിന്തുണ നൽകി.
മേക്കപ്പും അനുബന്ധ കാര്യങ്ങളും ചെയ്യാനായി മാതാവും സഹോദരനും സഹായത്തിനെത്തി. റോബോട്ട് പ്രവർത്തനക്ഷമമാക്കുന്നതിനായി സഹപാഠി അർജുനും സഹായിച്ചു.
പ്ലാസ്റ്റിക്ക് സ്റ്റൂൾ, അലൂമിനിയം ഷീറ്റ്, നാല് ടയർ, ഒരു ഫീമെയിൽ ഡമ്മി, ഒരു സെർവിംഗ് ട്രേ തുടങ്ങിയവ നിർമാണത്തിനായി ഉപയോഗിച്ചു.
സാങ്കേതിക പ്രവർത്തനം നിയന്ത്രിക്കുന്നത് എംഐടി ആപ്പ് വഴി നിർമിച്ച മൊബൈൽ ആപ്ലിക്കേഷനും അഡ്മെഗാ മൈക്രോ കൺട്രോളറും ഐആർ, അൾട്രാസോണിക് സെൻസറുകളുമാണ്.
വേങ്ങാട് ഇകെ നായനാർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് ഷിയാദ്.
പാപ്പിനിശേരി ഹിദായത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.കെ അബ്ദുറഹിമാന്റെയും ചാത്തോത്ത് സെറീനയുടെയും മകനാണ്. ഷിയാസ് സഹോദരനാണ്.