ഇനി റോബോട്ട് യുഗം! റോബോട്ട് കാരണം ബ്രിട്ടനില്‍ ജോലി നഷ്ടമാകാന്‍ പോകുന്നത് രണ്ടരലക്ഷം ആളുകള്‍ക്ക്

rrrrആ പേടി സത്യമാകാന്‍ പോകുന്നു. റോബോട്ടുകള്‍ ലോകം ഭരിക്കുന്നതും മനുഷ്യരെ അടിമകളാക്കുന്നതും പല നോവലുകളിലൂടെയും സിനിമകളിലൂടെയും എത്രയോ തവണ നമ്മള്‍ കണ്ടിരിക്കുന്നു. ഒരു കാലത്തും സംഭവിക്കാത്ത കാര്യമെന്ന് പറഞ്ഞ് നമ്മള്‍ അത് ഓരോതവണയും തള്ളിക്കളയുകയും ചെയ്തിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ തുടങ്ങിയിരിക്കുന്നു.

അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന രണ്ടരലക്ഷം ആളുകള്‍ക്ക് റോബോട്ട് കാരണം ജോലി നഷ്ടമാകുമെന്നാണ് പുതിയ വിവരം. 2030 ആകുന്നതോടെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും വരെ ജോലി റോബോട്ടുകള്‍ ചെയ്യുമെന്നും ബ്രിട്ടനില്‍ നടന്ന ഒരു പഠനത്തില്‍ പറയുന്നു. പൊതുസേവന വിദഗ്ധരുടെ സംഘമായ ‘റിഫോ’മാണ് ഈ പഠനം നടത്തിയത്

വളരെയധികം ആളുകള്‍ക്ക് ജോലി നഷ്ടമാകുമെങ്കിലും റോബോട്ടുകളുടെ വരവ് തൊഴില്‍രംഗത്ത് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു. 90 ശതമാനം ജോലികളും റോബോട്ടുകള്‍ ചെയ്യുന്നതോടെ ഒരു വര്‍ഷം 400 കോടി പൗണ്ടിന്റെ അധികലാഭമുണ്ടാക്കാന്‍ കഴിയുമെന്നും ആരോഗ്യമേഖലയില്‍ രോഗികള്‍ക്ക മെച്ചപ്പെട്ട പരിചരണം നല്‍കാന്‍ റോബോട്ടുകള്‍ക്ക് കഴിയുമെന്നും പഠനത്തില്‍ പറയുന്നു. നിലവില്‍ ജപ്പാനിലുള്ള പല ഹോട്ടലുകളിലും റോബോട്ടുകള്‍ ജോലി ചെയ്യുന്നുണ്ട്. വളരെ മികച്ച സേവനമാണ് റോബോട്ടുകളുടെ ഭാഗത്തുനിന്നും ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടീഷ് പോലീസ് തീപിടിത്തം, കൊള്ള എന്നീ കാര്യങ്ങള്‍ കണ്ടു പിടിക്കാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്‌സ്(കൃത്രിമബുദ്ധി) ഉപയോഗിച്ച പ്രവര്‍ത്തിക്കുന്ന റോബോട്ടുകളുടെ സഹായം തേടുന്നുണ്ട്. പടി പടിയായി എല്ലാ ജോലിയും റോബോട്ട് ഏറ്റെടുക്കുന്നതോടെ മനുഷ്യകുലത്തിന്റെ അന്ത്യത്തിനാകും അത് വഴിവയ്ക്കുക എന്ന അഭിപ്രായവും വ്യാപകമായി ഉയരുന്നുണ്ട്.

Related posts