ബെയ്ജിംഗ്: ചൈനയിൽ റോബോട്ടുകൾ വിവിധ മേഖലകളിൽ സാന്നിധ്യം അറിയിക്കുന്ന കാഴ്ചകളാണു കാണുന്നത്. ഹോട്ടൽ ജോലിക്കു മുതൽ നൃത്തമത്സരങ്ങളിൽ പങ്കെടുക്കാൻ വരെ അവിടെ റോബോട്ടുകളുണ്ട്. റോബോട്ടുകളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും ചൈനയിൽ വ്യാപകമായി നടക്കുന്നു. ഇപ്പോഴിതാ റോബോട്ടുകളെ വാടകയ്ക്കു നൽകുന്ന പരിപാടിയും തുടങ്ങി.
വീട്ടുജോലികൾ ചെയ്യാനും കമ്പനി കൂടാനുമായി റോബോട്ടിനെ വാടകയ്ക്കെടുത്ത ചൈനയിലെ പ്രമുഖ ഇൻഫ്ലുവൻസറായ ഷാങ് ജെന്യുവാൻ (25) റോബോട്ടിനൊപ്പം ഒരു ദിവസം ചെലവഴിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അടുത്തനാളിൽ പങ്കുവച്ചു. ചൈനയിലെ ഏറ്റവും പുതിയ ഹ്യൂമനോയിഡ് റോബോട്ടുകളിലൊന്നായ ജി1 റോബോട്ടായിരുന്നു ഇയാൾക്കൊപ്പമുണ്ടായിരുന്നത്.
പാചകം, വീടു വൃത്തിയാക്കൽ തുടങ്ങിയ ജോലികൾ ചെയ്യാനും ഒരു ദിവസം തന്നോടൊപ്പം ഡേറ്റിംഗിന് പോകാനും വേണ്ടിയാണ് റോബോട്ടിനെ വാടകയ്ക്കെടുത്തതെന്നു ഷാങ് പറയുന്നു. ഇതിനായി 10,000 യുവാൻ (1.18 ലക്ഷം രൂപ) ഇയാൾ ചെലവഴിച്ചതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 1.4 മില്ല്യൺ ഫോളോവേഴ്സുള്ള ഒരു ട്രാവൽ വ്ലോഗർ ആണ് ഷാങ്.
റോബോട്ടിനെ സ്വകാര്യ ആവശ്യങ്ങൾക്കായി വാടകയ്ക്കെടുത്തത് വലിയ ചർച്ചകൾക്കും വഴിവച്ചു. ഭാവിയിൽ മനുഷ്യരുടെ ജീവിതത്തിൽ റോബോട്ടുകൾ ആധിപത്യം പുലർത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകളും ഉയർന്നു.