ദക്ഷിണകൊറിയയിലെ പ്രാദേശിക ഭരണകേന്ദ്രത്തിൽ നിയോഗിക്കപ്പെട്ടിരുന്ന റോബട്ട് ജോലിഭാരം മൂലം തകർന്നുവീണു. ഗുമി സിറ്റി കൗണ്‍സിലിലെ ഭരണനിർവഹണ വിഭാഗത്തിൽ നിയോഗിച്ചിരുന്ന റോബട്ടിന്റെ പ്രവർത്തനം പെട്ടെന്ന് നിലയ്ക്കുകയായിരുന്നു. ഇതോടെ ആറര അടി ഉയരമുള്ള പടികളിൽനിന്നു താഴെ വീണ് യന്ത്രം പ്രവർത്തനരഹിതമായി.
രാജ്യത്തെ ആദ്യ റോബട്ടിക് “ആത്മഹത്യ’യെന്നു പ്രാദേശിക മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന സംഭവം യന്ത്രമനുഷ്യരോടുള്ള മനുഷ്യന്റെ ഇടപെടലിനെക്കുറിച്ച് വ്യാപക ചർച്ചകൾക്കും വഴിതെളിച്ചിരിക്കുകയാണ്.
യുഎസിലെ കലിഫോർണിയയിലെ ബെയർ റോബോട്ടിക്സ് എന്ന സ്ഥാപനമാണ് ഈ ശ്രേണിയിലുള്ള യന്ത്രമനുഷ്യനെ നിർമിച്ചത്. കഴിഞ്ഞവർഷമാണ് ഇതിനെ ഗുമി സിറ്റി കൗണ്‍സിലിൽ നിയോഗിച്ചത്.
കെട്ടിടത്തിന്റെ ഒരു നിലയിൽനിന്ന് മറ്റൊരു നിലയിലേക്ക് സ്വയം ലിഫ്റ്റിൽ സഞ്ചരിക്കാൻ വരെ ഈ റോബോട്ടിന് നിർമിതബുദ്ധി ഉണ്ടായിരുന്നു.
വിവരങ്ങൾ കൈമാറുക, കൗൺസിൽ രേഖകൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക തുടങ്ങിയ ദൗത്യം വിജയകരമായി നിർവഹിച്ചുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി യന്ത്രം പ്രവർത്തനരഹിതമായത്.
ലോകത്ത് ഏറ്റവുമധികം റോബട്ടുകൾ ഉപയോഗത്തിലുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണകൊറിയ. ഓരോ പത്ത് ജീവനക്കാർക്കും ഒരു ഇൻഡസ്ട്രിയൽ റോബട്ട് എന്ന നിലയിലാണ് അനുപാതമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റോബട്ടിക്സ് പറയുന്നു