മലയാളികളെ വിസ്മയിപ്പിച്ച ചിത്രമാണ് സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമായി പുറത്തിറങ്ങിയ “ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’. സുരാജ് അവതരിപ്പിക്കുന്ന വൃദ്ധനായ കഥാപാത്രത്തെ ശുശ്രൂഷിക്കാൻ വിദേശത്തുജോലിയുള്ള മകൻ റോബോട്ടിനെ എത്തിക്കുന്നു. തുടർന്ന് റോബോട്ടും വൃദ്ധനും തമ്മിലുള്ള രസകരമായ സംഭവങ്ങളാണ് സിനിമ കൈകാര്യം ചെയ്യുന്നത്.
നമ്മുടെ നാട്ടിൻപുറങ്ങളിലും ആൻഡ്രോയിഡ് കുഞ്ഞപ്പൻമാർ വൈകാതെ എത്തിത്തുടങ്ങുമെന്ന സൂചനകളാണു വന്നുകൊണ്ടിരിക്കുന്നത്. ടെസ് ല കന്പനി ഹ്യൂമനോയിഡ് റോബോട്ടായ ഒപ്റ്റിമസ് ജെൻ-2 അവതരിപ്പിച്ചിരിക്കുന്നു.
ഈ റോബോട്ട് മുട്ട പുഴുങ്ങുന്നതു മുതൽ ഡാൻസ് കളിക്കുകവരെ ചെയ്യും. ഇതിന്റെ വീഡിയോയും കമ്പനി പുറത്തുവിട്ടു.
യന്ത്രമനുഷ്യന്റെ ശരീരം നിയന്ത്രിക്കാനുള്ള കഴിവ് ഇതിൽ മെച്ചപ്പെട്ടിട്ടുണ്ട്. സുരക്ഷിതമല്ലാത്തതും അപകടകരവുമായ സാഹചര്യങ്ങളിൽ മനുഷ്യനു പകരം ഇത്തരത്തിലുള്ള റോബോട്ടിനെ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടെസ്ല ഒപ്റ്റിമസ് ജെൻ-2 ലോകത്തിനു പരിചയപ്പെടുത്തിയിരിക്കുന്നത്. ടെസ്ലയുടെ നിർമാണ ജോലികളിൽ ഈ റോബോട്ടിനെ ഉടൻ ഉപയോഗിച്ച് തുടങ്ങും.