പ്രണയം തലക്കു പിടിച്ചു കഴിഞ്ഞാൽ ജാതിയും മതവും നിറവും ഒന്നും ഒരു പ്രശ്നമായി എടുക്കാത്തവരാണ് എല്ലാവരും. എന്നാൽ ഇവിടെ ഒരാൾ കല്യാണം കഴിച്ചിരിക്കുന്നത് ആരെയന്നറിയാമോ..? ഒരു റോബോട്ടിനെ. ഞെട്ടേണ്ട, സംഭവം സത്യമാണ്. ഇവിടെയെങ്ങുമല്ല അങ്ങ് ദൂരെ ചൈനയിലാണ് സംഭവം നടന്നിരിക്കുന്നത്. ഹാംഗ്ഷു സ്വദേശിയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധൻ സെംഗ് ജിയാജിയ എന്നയാളാണ് താൻ നിർമിച്ച ഒരു വയസ് പ്രായമുള്ള യിംഗ് യിംഗ് എന്ന പെണ്റോബോട്ടിനെ വിവാഹം കഴിച്ചത്.
സെംഗ് ഷീജിയാംഗ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. തുടർന്ന് മൂന്ന് വർഷകാലം ചൈനീസ് ടെക് ഭീമനായ ഹുവേയിൽ ജോലി ചെയ്തു. പിന്നീട് അവിടെ നിന്നും രാജി വച്ച അദ്ദേഹം തന്റെ സ്വപ്നപദ്ധതിയായ റോബോട്ട് നിർമാണത്തിലേക്കു തിരിയുകയായിരുന്നു. ഈ റോബോട്ടിന് ചെറുതായി സംസാരിക്കാൻ കഴിയുമെന്നും മാത്രമല്ല ചൈനീസ് ആൾക്കാരെയും ചിത്രങ്ങളും മനസിലാക്കാൻ കഴിയുമെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. റോബോട്ടിന് 30 കിലോഗ്രാം ഭാരമുണ്ട്.
കഴിഞ്ഞ രണ്ട് മാസക്കാലമായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. പക്ഷേ അതിൽ ആഗ്രഹങ്ങൾ ഒതുക്കാതെ അദ്ദേഹം കഴിഞ്ഞയാഴ്ച ചെറിയ ചടങ്ങ് നടത്തി റോബോട്ടിനെ തന്റെ ജീവിതസഖിയാക്കുകയും ചെയ്തു. സെംഗിന്റെ അമ്മയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തന്റെ ഭാര്യയെ നടക്കാനും, സംസാരിക്കാനും, വീട്ടുജോലികൾ ചെയ്യാനും പ്രാപ്തയാക്കുകയാണ് സെംഗിന്റെ അടുത്ത ലക്ഷ്യം.