സദ്ജനങ്ങളുടെ സംസ്സര്‍ഗത്താല്‍ പലരുടെയും മനസ്സ് മാറാറുണ്ടെന്ന് പറയാറുണ്ട്. എന്നാല്‍ ക്രൂര മുഖഭാവമുള്ളവര്‍പ്പോലും പലപ്പോഴും ശാന്തമുഖഭാവമുള്ളവരായി ഭവിക്കാറുമുണ്ട്.
എന്നാല്‍ ഒരു റോബോട്ടിനെ ശാന്ത മുഖഭാവമുള്ളതാക്കുകയെന്നു വച്ചാല്‍ നടപ്പുള്ളതാണോ ? എന്തായാലും ഒരു റോബോട്ട് നിര്‍മാണ കമ്പനിയുടെ പുതിയ പരസ്യം വളരെ ആകര്‍ഷകമാണ്.
കാരുണ്യവും സൗഹൃദവും പ്രസരിപ്പിക്കുന്ന മുഖവും ശബ്ദവും ഉള്ളവര്‍, അതിന്റെ പൂര്‍ണ അവകാശം ഒരു റോബോട്ട് നിര്‍മാണ കമ്പനിക്ക് നല്‍കിയാല്‍ പ്രതിഫലമായി ഏകദേശം ഒന്നരകോടി രൂപയാണ് ലഭിക്കുക.
ലോകമെങ്ങും വൈറലാവുകയാണ് വേറിട്ട ഈ പരസ്യം. റോബോട്ടുകള്‍ക്ക് നല്ല ഒരു മുഖം നല്‍കുന്നവര്‍ക്കാണ് ഈ തുക ലഭിക്കുക. പിന്നെ ഈ മുഖത്തിലാകും റോബോട്ടുകള്‍ പുറത്തിറങ്ങുക.
ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിങ്ങനെ ജനമെത്തുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ തയാറാക്കുന്ന റോബോട്ടുകള്‍ക്കാണ് മുഖം വേണ്ടത്.
വയസ്, ആണ്‍പെണ്‍ വ്യത്യാസമില്ല. ആര്‍ക്കും അപേക്ഷിക്കാം. സ്വന്തം മുഖത്തിന്റേയും രൂപത്തിന്റേയും 3ഡി ചിത്രമാണ് നല്‍കേണ്ടത്.
ഒപ്പം നിങ്ങളുടെ ശബ്ദം മണിക്കൂറുകളുടെ ദൈര്‍ഘ്യത്തില്‍ എടുത്ത് അയച്ചുനല്‍കണം. ദയയും സൗഹൃദവും തോന്നിപ്പിക്കുന്ന മുഖമുള്ള ആര്‍ക്കും അപേക്ഷ നല്‍കാം.
മുഖം കമ്പനിക്ക് ഇഷ്ടമായാല്‍ പണം നല്‍കി അവര്‍ അവകാശം സ്വന്തമാക്കും. പിന്നീട് ഈ മുഖമുള്ള റോബോട്ട് പൊതുയിടങ്ങളില്‍ ജോലി ചെയ്യും.
തിരഞ്ഞെടുക്കുന്നവര്‍ തന്റെ രൂപം പരിധിയില്ലാത്ത കാലയളവിലേക്ക് കമ്പനിക്ക് ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്ന ഒരു കരാറും ഒപ്പിടേണ്ടിവരും.
മനുഷ്യരുടെ മുഖം ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്ന റോബോട്ട് 2023 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഫിലാഡല്‍ഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇത്തരത്തിലൊരു ആശയം മുന്നോട്ടുവച്ചിരിക്കുന്നത്.
അമേരിക്കന്‍ കമ്പനി റോബോട്ടുകള്‍ക്കായി ആദ്യ ഓര്‍ഡറുകളും നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എന്തായാലും നിരവധി പേര്‍ പരസ്യം കണ്ട് സ്വന്തം മുഖം അയച്ചു കൊടുക്കുമെന്നുറപ്പാണ്.