ഏഷ്യയിലെതന്നെ ഏറ്റവും വലിയ ധനികരിലൊരാളായ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹത്തിൽ പ്രമുഖ ക്രിക്കറ്റ് താരങ്ങളും ഷാരൂഖ് ഖാൻ, രജനീകാന്ത്, അമിതാബ് ബച്ചൻ ഉൾപ്പടെയുള്ള സകല താരങ്ങളും കുടുംബസമേതം എത്തി. താരങ്ങളിൽ പലരും നൃത്തവും അവതരിപ്പിച്ചു. ഇതു മാത്രമല്ല ലോകത്തിലെ പ്രമുഖ കലാരൂപങ്ങൾ എല്ലാംതന്നെ അവിടെ അരങ്ങേറി. എന്നാൽ ഏറ്റവും ശ്രദ്ധേയമായ കാര്യം റിഹാന എന്ന പോപ്പ് ഗായികയുടെ നൃത്തവും ഗാനവുമായിരുന്നു. അതിന് അംബാനി ചെലവാക്കിയത് എഴുപത്തി മൂന്നു കോടി രൂപയോളമാണ്. ഒമ്പത് കോടി ഡോളറാണ് (73 കോടി രൂപ) അവരുടെ ഒരു പരിപാടിക്ക് കൊടുക്കേണ്ട തുക. അത്രയും തുക കൊടുത്താലും റിഹാന കനിഞ്ഞാലേ പരിപാടിക്കെത്തൂ. പലരും സമീപിച്ചുവെങ്കിലും വർഷങ്ങൾക്കു ശേഷമാണ് അവർ ഒരു വിവാഹ പരിപാടിക്ക് പാട്ടുപാടി നൃത്തം ചെയ്യുന്നതത്രേ.
റോബിൻ റിഹാന ഫെന്റി എന്നാണ് റിഹാനയുടെ മുഴുവൻ പേര്. ഒമ്പത് ഗ്രാമി അവാർഡുകൾ, 12 ബിൽബോർഡ് മ്യൂസിക് അവാർഡുകൾ, ഏഴ് എംടിവി മ്യൂസിക് അവാർഡുകൾ എന്നിവ നേടിയ റിഹാന ലോകമെന്പാടും ആരാധകരുള്ള മിന്നും പോപ്പ് താരമാണ്. തന്നെയുമല്ല ഇന്നു ലോകത്തെ ഏറ്റവും സന്പന്നയായ ഗായികയുമാണവർ. അമേരിക്കയിലും ലണ്ടനിലും കോടികൾ വിലയുള്ള വീടുകൾ ഇവർക്ക് സ്വന്തമായുണ്ട്.
ഫാഷൻ വസ്തുക്കൾ, പെർഫ്യൂം, അടിവസ്ത്രങ്ങൾ എന്നിവയുടെ കോടികൾ മൂല്യമുള്ള ബിസിനസും റിഹാനയ്ക്ക് സ്വന്തമായുണ്ട്. എന്നാൽ 2021ൽ കർഷക സമരം നടക്കുന്പോൾ കർഷകർക്കു പിന്തുണയുമായി ട്വീറ്റ് ചെയ്ത് വിവാദ നായികയായതാണ് റിഹാന. ഇവരുടെ ട്വീറ്റിനെത്തുടർന്ന് കർഷക സമരം ആഗോള ശ്രദ്ധ പിടിച്ചുപറ്റുകയും വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ട്വിറ്ററിൽ ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള നാലാമത്തെ വ്യക്തിയാണ് റിഹാന.
140 കോടി ഡോളർ(11,610 കോടി രൂപയോളം) ആണ് റിഹാനയുടെ ആസ്തി. 2005ൽ പുറത്തിറങ്ങിയ മ്യൂസിക് ഓഫ് ദി സൺ എന്ന എന്ന റിഹാനയുടെ ആദ്യ ആൽബം തന്നെ വൻ ഹിറ്റായി. ഇതിന്റെ രണ്ടു മില്യൺ കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. ഗുഡ് ഗേൾ ഗോൺ ബാഡ് എന്ന തന്റെ മൂന്നാമത്തെ ആൽബം പുറത്തിറങ്ങിയതോടെ അവർ ലോകമെമ്പാടും അറിയപ്പെടുന്ന ഗായികയായി മാറി. 2020ൽ അവർ യുകെയിലേക്ക് താമസം മാറി.
ലോകത്ത് ഏറ്റവും കൂടുതൽ പണം ചാരിറ്റിക്കു വേണ്ടി ചെലവാക്കുന്ന കലാകാരികളിലൊരാണ് റിഹാന. എയ്ഡ്സ് ബാധിതർക്കും കാൻസർ ബാധിതർക്കും ആഫ്രിക്കയിലെ ദാരിദ്രമനുഭവിക്കുന്ന കുട്ടികൾക്കുമായി കോടിക്കണക്കിനു രൂപയാണ് അവർ വർഷം തോറും ചെലവഴിക്കുന്നത്. തന്റെ മുത്തഛന്റെയും മുത്തശിയുടെയും പേരിലാരംഭിച്ച ക്ളാര ആൻഡ് ലിയോണൽ ഫൗണ്ടേഷൻ അറുപതു രാജ്യങ്ങളിലെ ലക്ഷക്കണക്കിന് പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അഞ്ച് മില്യൻ ഡോളറാണ് റിഹാന സംഭാവന ചെയ്തത്.
പിന്നീട് പല സംഘടനകൾക്കായും കോവിഡ് പ്രതിരോധത്തിന് അവർ കോടികൾ നൽകി. കാൻസർ പ്രതിരോധത്തിനായി ഒരു സംഘടനയ്ക്ക് ടിവി ഷോയിലൂടെ ഒരു മില്യൻ ഡോളറാണ് റിഹാനയും കുട്ടരും സമാഹരിച്ചു നൽകിയത്. ദാരിദ്ര്യവും രോഗവും കഷ്ടപ്പാടും എന്നും റിഹാനയുടെ മനസലിയിച്ചിരുന്നു. കുട്ടിക്കാലത്തെ അനുഭവങ്ങളായിരിക്കാം അതിനു കാരണം.
ഇന്ത്യയിലെത്തിയപ്പോഴും തന്നെ സ്വീകരിക്കാനെത്തിയവരോടുള്ള റിഹാനയുടെ പെരുമാറ്റം എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. വഴിയിൽ കണ്ട വനിതാപോലീസുകാരെ കെട്ടിപ്പിടിച്ച് അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതിനു പുറമെ അവിടെ മറ്റു ജോലികൾ ചെയ്യാനായി കൂലിക്കെത്തിയ ചെറുപ്പക്കാർക്കൊപ്പം പോലും വളരെ ക്ഷമയോടെ അവർ സെൽഫിക്കു പോസ് ചെയ്തു. ഇതു കണ്ട് നമ്മുടെ നാട്ടിലെ ചില താരങ്ങളുടെ ജാഡ തുറന്നുകാട്ടി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റും വന്നു.
ബാർബഡോസ് എന്ന അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ചെറിയ ദ്വീപു രാജ്യത്തിൽ കറുത്ത വർഗക്കാരിയായിട്ടാണ് റിഹാനയുടെ ജനനം. 2021 വരെ ഈ രാജ്യം ബ്രിട്ടന്റെ അധീനതയിലായിരുന്നു. തന്റെ പിതാവിനൊപ്പം നിത്യവൃത്തി കഴിയാനി തെരുവിൽ നിന്ന് തൊപ്പിയും മറ്റും വിറ്റിട്ടുണ്ട് അവൾ.
റോബിൻ റിഹാന ഫെൻ്റി 1988 ഫെബ്രുവരി 20 ന് ബാർബഡോസിലെ സെന്റ് മൈക്കിളിൽ ജനിച്ചു. വെയർഹൗസ് സൂപ്പർവൈസറായ റൊണാൾഡ് ഫെൻ്റിയുടെയും അക്കൗണ്ടന്റായ മോണിക്കയുടെയും (നീ ബ്രൈത്ത്വൈറ്റ്) മകൾ. ഇരുവരും കറുത്ത വംശക്കാരായിരുന്നു. തികഞ്ഞ മദ്യപാനിയും മയക്കുമരുന്നിന് അടിമയുമായിരുന്നു പിതാവ്. അതുകൊണ്ടുതന്നെ വീട്ടിൽ വഴക്കുകൂടുന്നതും അമ്മയെ പിതാവ് മർദിക്കുന്നതും പതിവായിരുന്നു.
2003ൽ, റിഹാന തന്റെ മാതൃരാജ്യമായ ബാർബഡോസിൽ തന്റെ രണ്ട് സഹപാഠികളുമായി ഒരു സംഗീത ട്രൂപ്പ് രൂപീകരിച്ചു. പേരോ മെറ്റീരിയലോ ഇല്ലാതെ, ഗേൾ ഗ്രൂപ്പ് അമേരിക്കൻ റെക്കോർഡ് പ്രൊഡ്യൂസർ ഇവാൻ റോജേഴ്സുമായി ഓഡിഷൻ നടത്തി. അദ്ദേഹത്തിന് റിഹാനയുടെ പ്രകടനം വല്ലാതെ ഇഷ്ടപ്പെട്ടു.
തുടർന്ന് റെക്കോർഡ് ലേബലുകളിലേക്ക് അയയ്ക്കാവുന്ന ചില ഡെമോ ടേപ്പുകൾ റെക്കോർഡ് ചെയ്യാൻ റിഹാനയെ തന്റെ ജന്മനാടായ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് അദ്ദേഹം ക്ഷണിച്ചു. സ്കൂൾ അവധി ദിവസങ്ങളിൽ മാത്രമേ അവൾക്ക് റെക്കോർഡ് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ എന്നതിനാൽ ഒരു വർഷത്തോളം സമയമെടുത്താണ് റെക്കോർഡിംഗുകൾ ഇടയ്ക്കിടെ നടന്നത്.
” പോൺ ഡി റീപ്ലേ ‘, “ദി ലാസ്റ്റ് ടൈം” എന്നിവ ഡെമോ ടേപ്പിനായി റെക്കോർഡ് ചെയ്ത രണ്ട് ട്രാക്കുകളായിരുന്നു, അവ ഒടുവിൽ അവളുടെ ആദ്യ ആൽബമായ മ്യൂസിക് ഓഫ് ദി സണിൽ ഉൾപ്പെടുത്തി. അതേ വർഷം, റോജേഴ്സിന്റെയും കാൾ സ്റ്റർക്കന്റെയും നിർമാണ കമ്പനിയായ സിൻഡിക്കേറ്റഡ് റിഥം പ്രൊഡക്ഷൻസുമായി റിഹാന ഒപ്പുവച്ചു. 2005 ഓഗസ്റ്റിൽ മ്യൂസിക് ഓഫ് ദി സൺ പുറത്തിറങ്ങി. ഈ ആൽബം ലോകമെമ്പാടും രണ്ടു ദശലക്ഷത്തിലധികം കോപ്പികൾ വിറ്റു. രണ്ടാമത്തെ സിംഗിൾ, “ഇഫ് ഇറ്റ്സ് ലോവിൻ ദറ്റ് യു വാണ്ട്’ ആദ്യ ആൽബം പോലെ വിജയിച്ചില്ല. എന്നാൽ ഓസ്ട്രേലിയ, അയർലൻഡ്, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ആദ്യ പത്തിൽ എത്തി. ലോകമെങ്ങും ഷോകൾ നടത്തി.
ടൈം മാഗസിൻ 2012-ലെയും 2018-ലെയും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ ലക്കത്തിൽ റിഹാനയെ ഉൾപ്പെടുത്തി. പെർഫ്യൂം കമ്പനി ഉൾപ്പടെ നിരവധി ബിസിനസുകൾ റിഹാനയ്ക്കുണ്ട്. താൻ തന്നെ മോഡലായ പരസ്യത്തിൽ വിൽപ്പന നടത്തുന്ന പെർഫ്യൂമുകൾക്ക് വിപണിയിൽ വൻ സ്വാധീനമാണുള്ളത്. ഫെന്റി എന്ന ഫാഷൻ ബ്രാൻഡും അവർക്കു സ്വന്തമായുണ്ട്. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ഉൾപ്പെടെ വിൽപ്പന നടത്തുന്ന ഒരു ബിസിനസ് സാമ്രാജ്യവും റിഹാനയ്ക്ക് സ്വന്തമായുണ്ട്. ലോകപ്രശസ്ത ഹോളിവുഡ് സിനിമകളിലും അവർ അഭിനയിച്ച് നിരൂപക പ്രശംസ പിടിച്ചുപറ്റി. 2018 വാർണർ ബ്രദേഴ്സ് പുറത്തിറക്കിയ ഗാരി റോസ് സംവിധാനം ചെയ്ത ഓഷ്യൻസ് 8 ൽ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ റിഹാന അവതരിപ്പിച്ചു ഈ സിനിമ ലോകമെമ്പാടും ഹിറ്റായി. 300 മില്യൺ ഡോളർ കളക്ഷൻ നേടി വൻ വിജയമായി.
റിഹാനയുടെ വിവാഹബന്ധങ്ങളും കോളിളക്കം സൃഷ്ടിച്ചവയാണ്. പ്രമുഖ ഗായകനായിരുന്ന ക്രിസ് ബ്രൗൺ കാമുകനും ലിവിംഗ് ടുഗദർ പങ്കാളിയുമായിരുന്നു. പക്ഷേ തന്നെ ഇദ്ദേഹം പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇവർ പരസ്പരം കേസും വഴക്കുമൊക്കെയായി 2009ൽ വേർപിരിഞ്ഞു. പക്ഷേ വീണ്ടും അതൊക്കെ മറന്ന് 2012ൽ ഇവർ വീണ്ടും ഒരുമിച്ചെങ്കിലും 2013ൽ വീണ്ടും പിരിഞ്ഞു. ഹാസൻ ജമീൽ എന്ന അറബ് വംശജനെ 2017ൽ വിവാഹം കഴിച്ചെങ്കിലും മൂന്നു വർഷത്തിനു ശേഷം 2020ൽ വേർപിരിഞ്ഞു. 2020ൽ പ്രമുഖ അമേരിക്കൻ ഗായകൻ ASAP റോക്കിയെ വിവാഹം കഴിച്ചു. ആ ബന്ധം ഇപ്പോഴും തുടരുന്നു. റോക്കിയുമായുള്ള ബന്ധത്തിൽ റിഹാനയ്ക്ക് രണ്ടു കുട്ടികളുമുണ്ട്.
എസ്. റൊമേഷ്