ഈ തത്തയെക്കൊണ്ട് ഉടമ തോറ്റു ! കണ്ണു തെറ്റിയാല്‍ ഓണ്‍ലൈനില്‍ കൂടി സാധനങ്ങള്‍ വാങ്ങും; ഹൈടെക് തത്തയുടെ കഥ വൈറലാവുന്നു…

സംസാരിക്കുന്ന തത്തയെ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഓണ്‍ലൈനില്‍ കൂടി സാധനങ്ങള്‍ വാങ്ങുന്ന ഒരു തത്തയെക്കുറിച്ച് കേള്‍ക്കുന്നത് ആദ്യമായായിരിക്കും. ഇംഗ്ലണ്ടുകാരിയായ മാരിയണ്‍ വിഷ്‌ന്യൂസ്‌ക്കിയുടെ പ്രിയപ്പെട്ട വളര്‍ത്തു തത്തയാണ് റോക്കോയാണ് ഈ കഥയിലെ താരം. ഉടമയുടെ കണ്ണു തെറ്റിയാല്‍ തനിക്കു വേണ്ടുന്ന സാധനങ്ങള്‍ ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ കക്ഷി വാങ്ങിക്കളയും. ഒരു ദിവസം പുറത്തു പോയി മടങ്ങിവന്ന മാരിയണ്‍ റോക്കോ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കണ്ടു ഞെട്ടുകയായിരുന്നു.

ശബ്ദ കല്‍പ്പനകള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ആമസോണ്‍ അലക്‌സ എന്ന വെര്‍ച്വല്‍ അസിസ്റ്റന്റ് ഉപകരണത്തിന്റെ സഹായത്തോടെയാണ് റോക്കോ ഈ പണിയൊപ്പിച്ചത്. തനിക്കു വേണ്ട സാധനങ്ങളുടെയെല്ലാം കൃത്യമായ ലിസ്റ്റാണ് അലക്‌സ വഴി റോക്കോ നല്‍കിയത്. തണ്ണി മത്തന്‍, ഉണക്കമുന്തിരി, ബ്രൊക്കോളി, ഐസ്‌ക്രീം തുടങ്ങിയ റോക്കോയുടെ ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം ലിസ്റ്റിലുണ്ട്. ഇതിനു പുറമേ ഒരു ലൈറ്റ് ബള്‍ബും പട്ടവും റോക്കോ ഓര്‍ഡര്‍ ചെയ്തിരുന്നു. അതെന്തിനാണെന്ന് ഒരെത്തും പിടിയുമില്ല.

ജോലിക്കായി പുറത്തു പോയ മാരിയണ്‍ തിരികെ എത്തിയപ്പോഴാണ് റോക്കോ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തത് ശ്രദ്ധയ്ക്കല്‍പ്പെട്ടത്. ഉടന്‍ തന്നെ ഓര്‍ഡറുകളെല്ലാം ക്യാന്‍സല്‍ ചെയ്തു. സാധനങ്ങള്‍ വാങ്ങാന്‍ മാത്രമല്ല റോക്കോ അലക്‌സ ഉപയോഗിക്കുന്നത്. ഇഷ്ടപ്പെട്ട പാട്ടുകേള്‍ക്കാനും തമാശകള്‍ കേള്‍ക്കാനും ഒക്കെ അലക്‌സ റോക്കോയെ സഹായിക്കാറുണ്ട്. റോക്കോയെ മാരിയണിനു ലഭിച്ചതും അവന്റെ കുസൃതി കാരണം തന്നെയാണ്. നാഷണല്‍ ആനിമല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് സാങ്ച്വറിയിലായിരുന്നു റോക്കോയുടെ വാസം.

എന്നാല്‍ അവിടെയെത്തുന്ന സന്ദര്‍ശകരോട് മോശമായ ഭാഷയില്‍ സംസാരിക്കുന്നതു റോക്കോ പതിവാക്കി. ഇതു തലവേദന ആയതിനെ തുടര്‍ന്ന് മൃഗസംരക്ഷണ കേന്ദ്രത്തിലെ അധികൃതര്‍ ഒരു പോംവഴി ആലോചിച്ചിരുന്ന സമയത്ത് അവിടുത്തെ തന്നെ ജോലിക്കാരിയായ മാരിയണ്‍ റോക്കോയെ ഏറ്റെടുക്കുകയായിരുന്നു.ആഫ്രിക്കന്‍ ഗ്രേ പാരറ്റ് ഇനത്തില്‍ പെട്ട തത്തയാണ് റോക്കോ. മറ്റിനങ്ങളെ അപേക്ഷിച്ച് വാക്കുകള്‍ മനുഷ്യര്‍ പറയുന്ന അതേ രീതിയില്‍ അനുകരിക്കാന്‍ പ്രത്യേക കഴിവാണ് ആഫ്രിക്കന്‍ ഗ്രേ പാരറ്റിന്. ഇത് പ്രയോജനപ്പടുത്തിയായിരുന്നു റോക്കോയുടെ ഓണ്‍ലൈന്‍ പര്‍ച്ചേസ്. റോക്കോയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Related posts