സിജോ പൈനാടത്ത്
കൊച്ചി: മദ്യത്തിലൂടെ തകർന്ന അനേകം ജീവിതങ്ങളെയും കുടുംബങ്ങളെയും സാബു അറിഞ്ഞിട്ടുണ്ട്. അവർക്കു ലഹരിയുടെ പകലിരവുകൾ സമ്മാനിച്ചത് തന്റെ മദ്യശാലയിലൂടെയായിരുന്നുവെന്ന് അറിയുന്പോഴും, മനസലിഞ്ഞിട്ടില്ല. മറ്റുള്ളവരുടെ ലഹരിയിലാണു തന്റെ ലാഭമെന്ന കച്ചവടമനസായിരുന്നു ഇന്നലെയോളം. ആത്മീയത ഹൃദയത്തെ തൊട്ടപ്പോൾ മദ്യം വിറ്റു പണമുണ്ടാക്കുന്ന ശാപജീവിതം ഇനിയില്ലെന്നു കൊച്ചിയിലെ പ്രസിദ്ധമായ റോക്ക് കാസിൽ ബാറിന്റെ ഉടമ സാബു ഇന്ന് ഉറക്കെ വിളിച്ചുപറയുന്നു.
കൊച്ചി നഗരത്തിൽ മൂന്നു പതിറ്റാണ്ടോളമായി ബാർ നടത്തിവരുന്ന വൈപ്പിൻ മാലിപ്പുറം സ്വദേശി സാബു കാരിക്കശേരിയാണു ആത്മീയത നൽകിയ ബോധ്യങ്ങളിൽ നിന്നു മദ്യക്കച്ചവടം എന്നേക്കുമായി ഉപേക്ഷിക്കുന്നത്. സർക്കാർ ചട്ടങ്ങളും സുപ്രീംകോടതി ഒടുവിൽ നിർദേശിച്ച നിബന്ധനകളും പാലിച്ചു ബാർ തുടരാൻ അവസരമുണ്ടായിട്ടും, ലൈസൻസ് പുതുക്കാൻ എക്സൈസ് വകുപ്പ് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തിട്ടും സാബു ഉറപ്പിച്ചു പറഞ്ഞു; ഇനിയില്ല മദ്യവിൽപനക്ക്!
എറണാകുളം സൗത്തിൽ സഹോദരൻ അയ്യപ്പൻ റോഡിലാണു സാബുവിന്റെ കാസിൽ റോക്ക് എന്നു പേരുള്ള നക്ഷത്രഹോട്ടൽ. 1988 ൽ നിർമിച്ച ഹോട്ടലിന് ആദ്യകാലം മുതൽ ബാർ ലൈസൻസ് ഉണ്ടായിരുന്നു. ബാറിന്റെ നടത്തിപ്പ് കരാറടിസ്ഥാനത്തിൽ മറ്റൊരാളാണു നടത്തിവന്നത്. ഇതിനോടനുബന്ധിച്ചുള്ള റസ്റ്ററന്റ് ഇദ്ദേഹമാണു നടത്തിവന്നത്.
ഇനി ബാർ നടത്തിപ്പിനു കരാർ നൽകാനും ലൈസൻസ് പുതുക്കാനും താൻ ഇല്ലെന്നു സാബു തീരുമാനിച്ചുകഴിഞ്ഞു. ലൈസൻസ് പുതുക്കുന്നില്ലെന്നു എക്സൈസ് വകുപ്പിനെ രേഖാമൂലം അറിയിച്ചു. ജില്ലയിൽ ഇതുവരെ സാബു മാത്രമാണ് ഇത്തരത്തിൽ ബാർ ലൈസൻസ് ഉപേക്ഷിക്കുന്നതായി അറിയിച്ചിട്ടുള്ളതെന്നു ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.നാരായണൻകുട്ടി പറഞ്ഞു.
കുറച്ചു നാളുകളായി ജീവിതത്തെ വലിയ തോതിൽ സ്വാധീനിച്ച ആത്മീയതയാണു തന്നെ മദ്യവിൽപനയിൽ നിന്നു പിന്തിരിയാൻ പ്രേരിപ്പിച്ചതെന്നു സാബു പറയുന്നു. തന്നെ ഏറെ സ്നേഹിക്കുന്ന വൈദികരുൾപ്പടെയുള്ളവരും തീരുമാനത്തിനു പ്രചോദനമായെന്നും അദ്ദേഹം വ്യക്തമാക്കി.