സാവോ പോളോ: ബ്രസീലിൽ ഗവേഷകർ കണ്ടെത്തിയ രണ്ടായിരം വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന ശിലയിൽ കൊത്തിയ കലാസൃഷ്ടികൾ അതിപുരാതനകാലത്തെ മനുഷ്യജീവിതത്തിന്റെ അറിയപ്പെടാത്ത ലോകം തുറന്നിടുന്നതായി. കൊത്തുപണികൾ മാത്രമല്ല, പെയിന്റിംഗുകളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.
ചിത്രങ്ങളിൽ മനുഷ്യന്റെ കാൽപ്പാടുകൾ, മാനുകളുടെയും കാട്ടുപന്നികളുടെയും രൂപങ്ങൾ, ആകാശ വസ്തുക്കളോട് സാമ്യമുള്ള രൂപങ്ങൾ എന്നിവ ഉണ്ടെന്നു ബ്രസീലിയൻ പുരാവസ്തു ഗവേഷകനായ റോമുലോ മാസിഡോ പറയുന്നു. ടോകാന്റിൻസ് സംസ്ഥാനത്താണ് പുരാതന ‘റോക്ക് ആർട്ട്’ കണ്ടെത്തിയത്. ഇവ കണ്ടെത്തിയ ജലപാവോ മേഖലകളിൽ 12,000 വർഷങ്ങൾക്കു മുൻപേ മനുഷ്യവാസമുള്ളതായി കണക്കാക്കുന്നു.
യൂറോപ്യൻ കോളനിക്കാരുടെ വരവിനുമുമ്പ് രൂപംകൊണ്ട “പുരാവസ്തു സമുച്ചയ’ത്തിനുള്ളിലാണ് ഈ ശിലാവിസ്മയങ്ങൾ കണ്ടെത്തിയത്. അവയിൽ ചിലത് ഒരു പൊതുവിശ്വാസ സന്പ്രദായത്തെ ബന്ധിപ്പിക്കുന്നതാണെന്നു ഗവേഷകർ പറയുന്നു. എന്നാൽ, കലാകാരന്മാരിലേക്ക് എത്തുന്ന സൂചനകളൊന്നും റോക്ക് ആർട്ട് സൈറ്റുകളിൽനിന്നു കണ്ടെത്താനായിട്ടില്ലെന്നു ഗവേഷകർ വ്യക്തമാക്കി.