വടക്കെ അമേരിക്കൻ രാജ്യമായ കൊളംബിയയിലെ ഒരു ചെറുപട്ടണമാണ് ഗുട്ടാപെ. വിനോദസഞ്ചാരമാണ് ഈ പ്രദേശത്തെ പ്രധാന വരുമാന മാർഗം. ഗുട്ടാപെയിലുള്ള ഒരു പാറ കാണാൻ വർഷംതോറും ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. വെറും നിസാരക്കാരനല്ല ഈ പാറ. 656 അടിയാണ് ഈ കല്ലിന്റെ ഉയരം.
ഒരു മലപോലെ ഉയർന്നുനിൽക്കുന്ന പാറയുടെ ഒത്തനടുവിലൂടെ മുകൾമുതൽ താഴെവരെ ഒരു വിള്ളലുണ്ട്. പാറകാണാനെത്തുന്നവർക്ക് മുകളിൽ കയറാനായി ഈ വിള്ളലുകളെ ബന്ധിപ്പിച്ച് മുകളിലേക്ക് പടികൾ പണിതിട്ടുണ്ട്. ഈ പടികൾ കണ്ടാൽ മുറിഞ്ഞുപോയ പാറയെ തുന്നിച്ചേർത്തുവച്ചിരിക്കുന്നതുപോലെ തോന്നും.
ഗുട്ടാപെയുമായി അതിർത്തി പങ്കിടുന്ന എൽപെനോൾ എന്ന ഗ്രാമത്തോട് ചേർന്നാണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. മുന്പ് ഈ രണ്ടുപ്രദേശങ്ങളും തമ്മിൽ ഈ പാറയുടെ ഉടമസ്ഥതയെച്ചൊല്ലി തർക്കങ്ങൾ പതിവായിരുന്നു. തർക്കം അവസാനിപ്പിക്കാനും ഇത് തങ്ങളുടെ പാറയാണെന്ന് സ്ഥാപിക്കാനുമായി ഗുട്ടാപെക്കാർ പാറയിൽ തങ്ങളുടെ നഗരത്തിന്റെ പേരെഴുതാൻ തീരുമാനിച്ചു.
ഗുട്ടാപെയിൽ എവിടെനിന്ന് നോക്കിയാലും കാണാവുന്ന അത്ര വലുപ്പത്തിലാണ് അവർ പേരെഴുത്ത് തുടങ്ങിയത്. G എന്ന അക്ഷരമെഴുതിയതിനുശേഷം U എഴുതാൻ തുടങ്ങിയപ്പോഴേക്കും എൽ പെനോൾ നിവാസികൾ പ്രതിഷേധവുമായി എത്തി. അതോടെ ഗുട്ടാപെക്കാർ പേരെഴുതാനുള്ള ശ്രമം അവസാനിപ്പിച്ചു.
എഴുതിയ അക്ഷരങ്ങൾ ഇന്നും ഈ പാറയിൽ കാണാം. ആയിരക്കണക്കിന് വർഷങ്ങൾക്കുമുന്പ് ഈ പ്രദേശത്തു താമസിച്ചിരുന്ന തഹാമി വംശത്തിൽപ്പെടുന്ന ആളുകൾ ഈ പാറയെ ആരാധിച്ചിരുന്നത്രെ. സമുദ്രനിരപ്പിൽനിന്ന് 7005 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാറയുടെ മുകളിലെത്തണമെങ്കിൽ 649 പടികൾ കയറണം. ഇടയ്ക്ക് കന്യകാമറിയത്തിന്റെ പേരിലുള്ള ഒരു ചാപ്പൽ ഉണ്ട്.
മുകളിലെത്തിയാൽ കിലോമീറ്ററുകൾ പരന്നു കിടക്കുന്ന മനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
റോസ് മേരി ജോൺ