കെജിഎഫ് സിനിമയിലെ നായക കഥാപാത്രം റോക്കിഭായിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അഞ്ച് പേരെ കൊന്നു തള്ളിയ പത്തൊമ്പതുകാരന് അറസ്റ്റില്‍.
കേസ്ലി സ്വദേശി ശിവപ്രസാദ് ധ്രുവെ(19) ആണു കഴിഞ്ഞ ദിവസം പുലര്‍ച്ചെ പിടിയിലായത്. ഭോപ്പാലിലാണ് സംഭവം. കൊല്ലപ്പെട്ട അഞ്ചു പേരും സുരക്ഷാ ജീവനക്കാരാണ്.
അഞ്ചാമത്തെ കൊലയ്ക്കു തൊട്ടുപിന്നാലെയാണ് ഇയാള്‍ പിടിയിലായതെന്നു പോലീസ് പറഞ്ഞു.
സൂപ്പര്‍ഹിറ്റ് സിനിമ കെ.ജി.എഫിലെ റോക്കിഭായ് എന്ന കഥാപാത്രമാണു പ്രചോദനമെന്നും പണമുണ്ടാക്കി പ്രശസ്തി നേടാനാണു കൊലപാതകങ്ങള്‍ ചെയ്തതെന്നും ഇയാള്‍ പോലീസിനു മൊഴി നല്കി.
അഞ്ചു ദിവസത്തിനിടെ ഭോപ്പാലില്‍ നാലു സുരക്ഷാ ജീവനക്കാരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ മേയില്‍ സുരക്ഷാ ജീവനക്കാരന് കൊല്ലപ്പെട്ട സംഭവത്തിലും ഇയാള്‍ക്കു പങ്കുണ്ടെന്നു പോലീസ് പറയുന്നു.
ഈ സംഭവത്തിലുള്‍പ്പെടെ അന്വേഷണം പുരോഗമിക്കുകയാണ്. സി.സി. ടിവി ദൃശ്യങ്ങളില്‍നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണു പ്രതിയെ പിടികൂടിയത്. ഇയാളുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടിരുന്നു.
കൊല്ലപ്പെട്ട സുരക്ഷാ ജീവനക്കാരന്റെ മൊെബെല്‍ ഫോണ്‍ ശിവപ്രസാദ് കൈക്കലാക്കിയിരുന്നു. ഈ മൊബൈല്‍ ഫോണുമായി സഞ്ചരിക്കുകയും ചെയ്തു.
ഈ മൊെബെലിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണു പോലീസ് പ്രതിയെ കുടുക്കിയത്. കഴിഞ്ഞ മാസം 28നാണ് ഫാക്ടറിയിലെ കാവല്‍ക്കാരനായ കല്യാണ്‍ ലോധി കൊല്ലപ്പെട്ടത്.
ചുറ്റിക കൊണ്ട് തല തകര്‍ത്തായിരുന്നു കൊലപാതകം. തൊട്ടടുത്ത ദിവസം രാത്രി, ആര്‍ട്സ് ആന്‍ഡ് കൊമേഴ്സ് കോളജിലെ സെക്യൂരിറ്റി ജീവനക്കാരനായ ശംഭു നാരായണ്‍ ദുബെ എന്ന അറുപതുകാരനെ കല്ലുകൊണ്ട് തല തകര്‍ത്ത് കൊലപ്പെടുത്തി.
ഷോര്‍ട്സും ഷര്‍ട്ടും ധരിച്ച കൊലയാളി ഇരയെ അടിക്കുകയും തുടര്‍ന്ന് കല്ലുകൊണ്ട് തലയില്‍ ഇടിക്കുന്നതിന്റെയും സി.സി. ടിവി ദൃശ്യങ്ങളാണു പുറത്തുവന്നത്.
തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മാര്‍ബിള്‍ കഷണം ഉപയോഗിച്ച് സോനു വര്‍മ(23) എന്നയാളെ ഇയാള്‍ കൊലപ്പെടുത്തിയത്. മാര്‍ബിള്‍ കടയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു സോനു.
സുരക്ഷാ ജീവനക്കാര്‍ക്കു പിന്നാലെ പോലീസുകാരെ കൊലപ്പെടുത്താനും ലക്ഷ്യമിട്ടിരുന്നതായി ശിവപ്രസാദ് ചോദ്യംചെയ്യലില്‍ സമ്മതിച്ചു.
കൊലകള്‍ നടത്തി പ്രശസ്തി നേടാനാണ് ഉറങ്ങിക്കിടന്ന സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയതെന്നും പ്രതി വെളിപ്പെടുത്തി.