മുംബൈ: ഏഷ്യകപ്പിനു ശേഷം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ആൽബർട്ട് റോക്ക സ്ഥാനമേറ്റെടുത്തേക്കുമെന്ന് സൂചന. കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്സിയുടെ പരിശീലകനായിരുന്ന റോക്ക അതിനുശേഷം പരിശീലക സ്ഥാനമൊഴിഞ്ഞിരുന്നു. മുൻപ് ഫ്രാങ്ക് റൈക്കാഡിനു കീഴിൽ ബാഴ്സലോണയുടെ സഹപരിശീലകനായിരുന്ന റോക്ക തുർക്കിഷ് ക്ലബ് ഗലത്സരയുടെയും സഹപരിശീലകനായിരുന്നു. എൽ സാവദോർ പരിശീലകനായി ഒരു വർഷം സേവനമനുഷ്ഠിച്ചതിനു ശേഷമാണ് റോക്ക ബംഗളൂരുവിലെത്തിയത്.
നിലവിലെ ഇന്ത്യൻ പരിശീലകനായ സ്റ്റീഫൻ കോണ്സ്റ്റൈന്റന് ഏഷ്യകപ്പ് അവസാനിക്കുന്നതു വരെയാണ് കരാറുള്ളത്. കരാർ പുതുക്കാൻ ഭീമമായ പ്രതിഫലം അദ്ദേഹം ആവശ്യപ്പെടുന്നതാണ് തൽസ്ഥാനത്ത് റോക്ക വരാനുള്ള സാധ്യത തെളിയുന്നത്. ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇക്കാര്യത്തിൽ അവസാന തീരുമാനമുണ്ടാവുക. ജനുവരി അഞ്ച് മുതൽ ഫെബ്രുവരി ഒന്ന് വരെ യുഎഇയിലാണ് 17-ാമത് എഎഫ്സി ഏഷ്യൻ കപ്പ് അരങ്ങേറുക.
ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് മുൻ നായകൻ ബൈചുങ്ങ് ബൂട്ടിയ അടക്കം നിർദേശിച്ചിട്ടുള്ള പേരാണ് റോക്കയുടേത്. ബംഗളൂരുവിനെ മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിച്ച സ്പാനിഷ് പരിശീലകന് ഇന്ത്യയെയും കുതിപ്പിലെത്തിക്കാൻ കഴിയുമെന്ന് കഴിഞ്ഞ വർഷം ബൂട്ടിയ അഭിപ്രായപ്പെട്ടിരുന്നു.