ഒറ്റപ്പാലം: ഒന്നരകോടി രൂപ ചെലവിൽ നിർമിച്ച റെയിൽവേ സ്റ്റേഷൻ റോഡും വാട്ടർ അഥോറിറ്റി വെട്ടിപൊളിച്ചു. വാട്ടർ അഥോറിറ്റിയുടെ പൈപ്പുലൈൻ ചോർച്ചതടയുന്നതിനായാണ് മാസങ്ങൾ മാത്രം പിന്നിട്ട റോഡ് വെട്ടിപ്പൊളിച്ചത്. കഴിഞ്ഞദിവസമാണ് പാതയിൽ സീബ്രാലൈൻ ഉൾപ്പെടെയുള്ളവ വരയ്ക്കുകയും അഴുക്കുചാൽ സ്ലാബുകൾ നിരത്തുകയും ചെയ്തത്.
രണ്ടുദിവസത്തിനുശേഷമാണ് ഒറ്റപ്പാലം താലൂക്കിലേക്ക് പ്രവേശിക്കുന്ന പാതയുടെ പ്രവേശനകവാടത്തോടു ചേർന്ന് വാട്ടർ അഥോറിറ്റി റോഡ് പൊളിച്ചത്. അറ്റകുറ്റപ്പണി നടത്തിയശേഷം റോഡ് പഴയപോലെയാക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല.
റോഡുനിർമാണം പൂർത്തീകരിച്ച് ഇത് രണ്ടാംതവണയാണ് വാട്ടർ അഥോറിറ്റി ഈ റോഡ് പൊളിക്കുന്നത്. മുന്പ് ഒറ്റപ്പാലം പോലീസ് സ്റ്റേഷനുമുൻവശത്തും റോഡ് വെട്ടിപ്പൊളിച്ചിരുന്നു. ഈ ഭാഗം ഇപ്പോൾ പൊളിഞ്ഞു തുടങ്ങി. ഇത്രയും തുക മുടക്കി നിർമിച്ച റോഡ് പൊളിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.