വാഴക്കുളം: ഇരുചക്രവാഹന യാത്രികർക്കു ചതിക്കുഴുകളൊരുക്കി തൊടുപുഴ-മൂവാറ്റുപുഴ റോഡ് മാറുന്നു. സംസ്ഥാന പാതയുടെ ഭാഗമായുളള ഈ റോഡിൽ ഇപ്പോൾ നിരവധി കുഴികൾ നിറഞ്ഞിരിക്കുകയാണ്. റോഡിൽ ഇരുചക്രവാഹനങ്ങൾ സഞ്ചരിക്കുന്ന ഇരുവശങ്ങളിലുമാണ് കുഴികൾ ഉളളത്.
വിസ്തൃതി കുറഞ്ഞവയും എന്നാൽ ആഴമുളളതുമായ കുഴികളാണ് ഏറെയും. വിസ്താരമുളള കുഴികൾ ദൂരെ നിന്നു കാണാവുന്നതുകൊണ്ട് അത്ര തന്നെ അപകടകാരികളാകുന്നില്ല. വിസ്തൃതി കുറഞ്ഞവയാണ് യാത്രികരെ ദുരിതത്തിലാക്കുന്നത്.
അടുത്തെത്തുമ്പോൾ മാത്രം ദൃശ്യമാകുന്ന ഇവയിൽ വീഴുകയോ വേഗത്തിൽ വെട്ടിച്ചു മാറ്റുകയോ ചെയ്യാൻ നിർബന്ധിക്കപ്പെടുകയാണ് യാത്രികർ. അടുത്തടുത്തു തന്നെയുളള കുഴികൾ അപകടങ്ങളുടെ ഭീകരത വർധിപ്പിക്കുകയാണ്. തൊടുപുഴ-മൂവാറ്റുപുഴ റോഡിലെ പതിനെട്ടു കിലോമീറ്ററിനുളളിൽ ദിനംപ്രതി നിരവധി ഇരുചക്രവാഹനങ്ങൾ ഇത്തരം കുഴികളിൽ വീഴുന്നു.
പരുക്കുകൾ ഗൗരവമാകാത്ത അപകടങ്ങൾ പൊതുജന ശ്രദ്ധയിൽ വരുന്നില്ലെന്നു മാത്രം. സമീപത്തുളള വീട്ടുകാരോ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരോ ഇതര യാത്രക്കാരോ സഹായിച്ച് ഇവർ ആശുപത്രികളിലേക്കോ സ്വന്തം വീടുകളിലേക്കോ പോകുന്നു.
മഴക്കാലമെത്തുന്നതോടെ സ്ഥിതി കൂടുതൽ ഭീകരമാവും. ഇതേ വഴികളിൽ സ്ഥിരം സഞ്ചരിക്കുന്ന യാത്രക്കാർക്കു പോലും കുഴികൾ തിരിച്ചറിയാനാവാതെ അപകടം സംഭവിക്കാനിടയുണ്ട്. സന്ധ്യാനേരത്തും കനത്ത മഴയിലും ഇത് അപകടപരമ്പരകൾക്കും കാരണമായേക്കാം.
യാത്രക്കാർക്കു ഭീഷണിയാകുന്ന രീതിയിൽ റോഡ് മാറിയിട്ടും റോഡ് നന്നാക്കാനുള്ള ശ്രമങ്ങൾ ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മഴക്കാലപൂർവ നിർമാണത്തിൽ ഉൾപ്പെടുത്തി അടിയന്തിരമായി റോഡിലെ കുഴികൾ അടയ്ക്കണമെന്നാണ് യാത്രിക്കാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.